ന്യൂഡൽഹി: കെ റെയിൽ വിഷയത്തിൽ ഇടത് എംപിമാർ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ശ്രദ്ധേയമായത് ബിനോയ് വിശ്വത്തിന്റെ അസാന്നിധ്യം. അശ്വിനി വൈഷ്ണവിനെ കാണാനുള്ള സിപിഎം ക്ഷണം ബിനോയ് വിശ്വം നിരസിച്ചു. പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പദ്ധതി പരിസ്ഥിതിക്ക് ദോഷമാകുമെന്ന റിപ്പോർട്ടുകൾ മുൻപിലുള്ളപ്പോൾ കണ്ണടച്ച് അനുകൂലിക്കാനാകില്ലെന്ന നിലപാടാണ് ബിനോയ് വിശ്വത്തിന്റേതെന്നാണ് സൂചന. പദ്ധതിയെ കാനം അനുകൂലിച്ചപ്പോൾ ബിനോയ് വിശ്വത്തിന്റെ നിലപാടോടെ സിപിഐയിലും രണ്ട് പക്ഷമുണ്ടെന്ന് വ്യക്തമാകുകയാണ്.

സിപിഐ കൗൺസിലിലെ വിമർശനത്തിന്റെ തുടർച്ച

കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും സിപിഐ കൗൺസിലിൽ വിമർശനം ഉയർന്നിരുന്നു. ഒരിക്കലും ലാഭകരമാകാത്ത പദ്ധതി ആണിതെന്നും പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായത്തിനായിരുന്നു കൗൺസിലിൽ മേൽകൈ. മുന്മന്ത്രിമാരായ വി എസ് സുനിൽകുമാറും കെ രാജുവും പദ്ധതിയെ വിമർശിച്ചു.

കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗൺസിൽ യോഗത്തിലെഏറെപ്പേരും ചൂണ്ടിക്കാണിച്ചു. എന്നാൽ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി. സിപിഐ ആയിട്ട് പദ്ധതിയെ തകർത്തുവെന്ന ആക്ഷേപം കേൾക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം കൂട്ടിച്ചേർത്തു.

വികസന പദ്ധതിയെ തകർക്കരുതെന്ന് ഇടത് എംപിമാർ

അതേസമയം, വികസന പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കത്തിനൊപ്പം റെയിൽവേ മന്ത്രാലയം നിൽക്കരുതെന്ന് ആവശ്യപ്പെട്ടു. കെ റെയിൽ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിമെന്നും റെയിൽ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി എംപിമാർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവെ മന്ത്രിക്ക് എംപിമാരുടെ സംഘം നിവേദനം നൽകി. സിപിഎം എംപിമാരായ എ എം ആരിഫ്, എളമരം കരിം, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു. പാർലമെന്റ് മന്ദിരത്തിലെ റെയിൽ മന്ത്രിയുടെ ഓഫിസിൽ വെച്ചുള്ള കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടുനിന്നു.

യുഡിഎഫിൽ തരൂർ ഇടഞ്ഞത് തലവേദനയാകുന്നു

അതേസമയം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിവേദനത്തിൽ ശശി തരൂർ എംപിയുടെ നിലപാട് പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് നിവേദനത്തിൽ ശശി തരൂർ ഒപ്പിടാത്തതും പാർട്ടി വിലയിരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ശശി തരൂരിന്റെ പ്രതികരണം പാർട്ടി പരിശോധിക്കും. ഇക്കാര്യത്തിൽ ഓരോരുത്തരെയും വിളിച്ചിരുത്തി ബോധ്യപ്പെടുത്താൻ ആകില്ല. വിഷയം പാർട്ടി പരിശോധിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

കെഎസ്ആർടിസി നേരാവണ്ണം നടത്താൻ സാധിക്കാത്തവരാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് ഡിസിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

വിഡി സതീശന്റെ വാക്കുകൾ

കെഎസ്ആർടിസി മര്യാദയ്ക്ക് നടത്താൻ കഴിയാത്ത സർക്കാരാണ് സിൽവർ ലൈൻ നടത്താൻ പോകുന്നത്. എല്ലാ റൂട്ടുകളിലും ആവശ്യത്തിന് സർവ്വീസ് നടത്താൻ പോലും കെഎസ്ആർടിസിക്ക് സാധിക്കുന്നില്ല. കെഎസ്ആർടിസിയെ ഇല്ലാതാക്കി വരേണ്യ വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു അൻപത് കോടിയെങ്കിലും കെഎസ്ആർടിസിക്ക് ഈ സർക്കാരിന് കൊടുത്തൂടെ. കെ - റെയിൽ പദ്ധതിയിൽ ശശി തരൂരിന്റെ നിലപാട് പാർട്ടി പരിശോധിക്കും. ഇക്കാര്യത്തിൽ ഓരോരുത്തരെയും വിളിച്ചിരുത്തി ബോധ്യപ്പെടുത്താൻ ആകില്ല. വിഷയം പാർട്ടി പരിശോധിക്കുകയാണ്.

സിൽവർ ലൈൻ പ്രോജക്ടിന്റെ പൊള്ളത്തരം വിവിധ സമരങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്താൻ യുഡിഎഫിനായിട്ടുണ്ട്. സമരം ശക്തമായി തുടരും. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് ഇ.ശ്രീധരൻ അടക്കം അംഗീകരിച്ചതാണ്. കെ-റെയിൽ ഇരകളെ ഉൾപ്പെടുത്തി യുഡിഎഫ് ജനകീയ സമിതി രൂപീകരിക്കും. കെ റെയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മീഷൻ ഇടപാട് എന്ന് വ്യക്തമാണ്. സർക്കാർ ഓഫീസുകളിൽ നിന്നും ഫയലുകൾ തുടർച്ചയായി കത്തി പോകുന്നു അവസ്ഥയുണ്ട്. അതെന്താണെന്ന് സർക്കാർ അന്വേഷിക്കട്ടെ.