തിരുവനന്തപുരം: സംസ്ഥാനത്തെ മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സർക്കാർ പറഞ്ഞു കഴിഞ്ഞെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് മുട്ടിൽ മരംമുറി വിവാദമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിവാദമോ പ്രതിസന്ധിയോ ഇക്കാര്യത്തിൽ ഇല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സർക്കാർ പറഞ്ഞുകഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ല. വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിൽ സംശയം ഒന്നുമില്ല. ഇക്കാര്യത്തിൽ വിവാദമോ പ്രതിസന്ധിയോ ഇക്കാര്യത്തിൽ ഇല്ല.

മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. പിന്നാലെയാണ് ആരോ സൃഷ്ടിച്ച പുകമറ മാത്രമാണ് മുട്ടിൽ മരംമുറി വിവാദമെന്നുമുള്ള ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വനം കൊള്ളക്കെതിരേ സർക്കാർ ആടിക്കളിക്കില്ല. നേരിന് വേണ്ടിയുള്ള യോഗങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കുകയാണ് റവന്യു മന്ത്രി കെ രാജൻ. സർക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ലെന്നും അതിന് അനുവദിക്കുകയും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.