ന്യൂഡൽഹി: താലിബാൻ ഇന്ത്യക്കെതിരെ തിരഞ്ഞാൽ കളി മാറുമെന്ന് മുന്നറിയിപ്പ്. അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യക്ക് നേരെ ഭീകരവാദപ്രവർത്തനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് താലിബാന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്താണ് മുന്നറിയിപ്പു നൽകിയത്. അഫ്ഗാനിസ്താനിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവർത്തനം ഉണ്ടാവുകയും അത് ഇന്ത്യയിലേക്ക് എത്തുകയുമാണെങ്കിൽ, രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയിൽ അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒപ്പം സഹകരിക്കുന്നവരുടെ ചെറിയ സംഭാവനകൾ പോലും വിലമതിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡോ- പസഫിക് മേഖലയിലെ പ്രശ്‌നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും അയൽരാജ്യങ്ങൾ ആണവശക്തികളാണെന്ന് ചൈന, പാക്കിസ്ഥാൻ എന്നിവരുടെ പേരെടുത്ത് പറയാതെ റാവത്ത് പരാമർശിച്ചു. പരമ്പരാഗതമായി വളരെ ശക്തരാണ് ഇന്ത്യയെന്നും എതിരാളികളെ പരമ്പരാഗത സേനയെ ഉപയോഗിച്ചുതന്നെ നേരിടാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കാശ്മീരിൽ സംഘർഷം ഉണ്ടാക്കാൻ താലിബാൻ ഭീകരരുടെ സഹായം സ്വീകരിക്കുന്നതടക്കം പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ അജണ്ടകൾ തുറന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫ് നേതാവ് പറഞ്ഞ പ്രസ്താവന പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിക്കാൻ പാക്കിസ്ഥാൻ നൽകിയ 'സഹായ'ത്തിന് താലിബാന്റെ പ്രത്യുപകാരം കശ്മീരിൽ ഉണ്ടാകുമെന്ന സൂചന നൽകുന്നതാണ് തെഹ്രീക്-ഇ-ഇൻസാഫ് വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്കിന്റെ വാക്കുകൾ.

അതേ സമയം രക്ഷാദൗത്യത്തിനിടെ താലിബാൻ ഭീകരർ നുഴഞ്ഞുകയറിയേക്കുമെന്ന ആശങ്കകൾ ശക്തമായതോടെ അഫ്ഗാൻ പൗരന്മാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇ -വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരന്മാരുടെ ഇന്ത്യൻ വിസയുള്ള പാസ്പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് കർശന നടപടി

ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാക്കിസ്ഥാൻ താലിബാൻ സഹായം സ്വീകരിക്കുന്നതടക്കം നീലം ഇർഷാദ് ഷെയ്ക്ക് തുറന്ന് പറഞ്ഞത്. താലിബാൻ പറയുന്നത് അവർ ഞങ്ങളോടൊപ്പമാണെന്നും കാശ്മീരിൽ ഞങ്ങളെ സഹായിക്കുമെന്നുമാണ് എന്നായിരുന്നു നീലം ഇർഷാദ് ഷെയ്ക്ക് പറഞ്ഞത്.നേതാവിന്റെ തുറന്നുപറച്ചിൽ കേട്ടു പരിഭ്രാന്തനായ വാർത്താ അവതാരകൻ ലോകം മുഴുവൻ നിങ്ങൾ പറഞ്ഞത് കേട്ടുകൊണ്ടിരിക്കുകയാണെന്ന് ചർ്ച്ചയ്ക്ക് ഇടയിൽ ഓർമ്മപ്പെടുത്തി. എന്താണ് നിങ്ങൾ പറഞ്ഞതെന്ന് ബോദ്ധ്യമുണ്ടോ എന്ന് ചോദിച്ചെങ്കിലും കുലുക്കമില്ലാത്ത രീതിയിലായിരുന്നു വനിതാ നേതാവിന്റെ പ്രതികരണം.

'താലിബാൻ ഞങ്ങളെ സഹായിക്കും. കാരണം അവർ (ഇന്ത്യ) താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ട്' നീലം ഇർഷാദ് ഷെയ്ക്ക് വിശദീകരിച്ചു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി പ്രശ്നവുമാണെന്നാണ് നേരത്തേ താലിബാൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കാൻ ഏറ്റവും കൂടുതൽ സഹായം നൽകിയ പാക്കിസ്ഥാന് വേണ്ടി താലിബാൻ നിലപാട് മാറ്റിയേക്കുമെന്ന സൂചനയാണ് നീലം ഇർഷാദ് ഷെയ്ക്കിന്റെ വാക്കുകളിൽ ഉള്ളത്.

താലിബാനെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നത് പാക്കിസ്ഥാനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ അഷ്റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാക്കിസ്ഥാനികളെയാണ് അവർ ആയുധങ്ങൾ നൽകി അതിർത്തി കടത്തിയത്.

നരേന്ദ്ര മോദി സർക്കാർ കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞതോടെ അവിടെ പ്രശ്നങ്ങളുണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകായിരുന്നു. സൈന്യത്തിന്റെ ശക്തമായ ഇടപെടൽ കാരണം ഭീകര പ്രവർത്തനത്തിനും ഏറക്കുറെ അറുതിവന്ന മട്ടാണ്. അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങൾ കൈവശമുള്ള താലിബാൻ ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.