തിരുവനന്തപുരം: കേരളത്തിൽ കോവിഡിന് പിന്നാലെ പക്ഷിപ്പനിയും എത്തിയതോടെ നവമാധ്യമങ്ങളിൽ പ്രചാരണം ശക്തമാവുകയാണ്. കോഴിയിറച്ചി മാത്രമല്ല ഒരു മാംസാഹാരവും ഇനി മുതൽ കഴിക്കരുത് എന്ന പ്രചാരണം കൊണ്ടുപിടിച്ച് നടക്കുക്കയാണ്. കോഴിമുട്ട കഴിച്ചാലും പക്ഷിപ്പനി വരുമെന്നും പ്രചാരണം ഉണ്ട്. പക്ഷേ ശാസ്ത്രീയമായി വിലയിരുത്തിയാൽ ഇതിൽ അത്രയൊന്നും കഴമ്പില്ലെന്ന് വ്യക്തമാണ്.

കോഴിമുട്ടയിൽ വൈറസ് നിലനിൽക്കാനുള്ള സാധ്യത തുലോം കുറവാണ്. മാത്രമല്ല കൂടിയ താപനിലയിൽ പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസുകൾക്ക് നിലനിൽക്കാൻ കഴിയില്ല. അതിനാൽ കോഴിയിറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് കഴിക്കുന്നതിൽ ആരോഗ്യത്തിന് ഭീഷണിയൊന്നുമില്ല. എന്നാൽ ശുചിത്വം പാലിച്ച് മാത്രമെ മാംസങ്ങളും മറ്റും കൈകാര്യം ചെയ്യാൻ പാടുള്ളു. ശുചിത്വമില്ലായ്മയാണ് പലപ്പോഴും വില്ലനാകുന്നത്. മാംസാംഹാരങ്ങൾ വർജ്ജിക്കുകയല്ല നന്നായി ചൂടാക്കി ചാചകം ചെയ്ത് കഴിക്കയാണ് വേണ്ടതെന്ന് ശാസ്ത്രജ്ഞർ വ്യക്താമാക്കുന്നു. പക്ഷിപ്പനി മുമ്പ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലും ഇതേ പ്രോട്ടോക്കോൾ ആണ് അവലംബിച്ചിരിക്കുന്നത്.

കേരളത്തിൽ താറാവുകളിലാണ് രോഗം കണ്ടെത്തിയത്. രോഗംസ്ഥിരീകരിച്ചതോടെ ഇതേപ്പറ്റിയുള്ള സംശയങ്ങളും ജനങ്ങൾക്കിടയിൽ കൂടിവരികയാണ്.എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗപ്രതിരോധം സാധ്യമാണെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നുണ്ട്. പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബേഡ് ഫ്ളൂ. ഏവിയൻ ഇൻഫ്‌ളുവൻസ വൈറസാണ് ഈ രോഗത്തിന് കാരണം.ഒരു പക്ഷിയിൽ നിന്ന് മറ്റൊരു പക്ഷിയിലേയ്ക്കും മൃഗങ്ങളിലേയ്ക്കും പടരാൻ സാധ്യതയുള്ള രോഗമാണിത്. മറ്റ് പക്ഷികളിലേക്ക് വേഗം പടരുന്നതിനാലാണ് പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്.

പക്ഷിപ്പനി പടർത്തുന്ന വൈറസ് മനുഷ്യരിലേക്ക് അപൂർവ്വമായാണ് പടരുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 2003 മുതൽ 2019 വരെ ലോകത്ത് പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്ക് ബാധിച്ച 861 കേസുകൾ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 455 പേർ മരണപ്പെട്ടിട്ടുണ്ട്. പനി, തൊണ്ടവേദന, തലവേദന ശ്വാസംമുട്ടൽ എന്നിവയാണ് പക്ഷിപ്പനി മനുഷ്യരിൽ ബാധിച്ചാലുണ്ടാകുന്ന പ്രധാനലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.എന്നാൽ കേരളത്തിൽ കണ്ടെത്തിയ പക്ഷിപ്പനി പകർത്തുന്നത് എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട വൈറസാണ്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്