മലപ്പുറം: അൽഫാമിന് പിറകെ ബിരിയാണിയുണ്ടാക്കാനുള്ള ശ്രമത്തെയും കൈയോടെപൊക്കി പൊലീസ്. രണ്ട് സന്ദർഭങ്ങളിലും.സുഹൃത്തുക്കൾ ഭക്ഷണം ഉപേക്ഷിച്ച് കടന്നുകളഞ്ഞതോടെ രണ്ടും എടുത്തുപോകേണ്ട അവസ്ഥയിലായി പൊലീസ്.ഇത്തവണ കരുവാരകുണ്ടിലാണ് ലോക്ഡൗൺ ലംഘിച്ച് മുപ്പതോളം പേർ ചേർന്ന് ബിരിയാണി ഉണ്ടാക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു.

ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കൾ ഒത്തു ചേർന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.പൊലീസിനെ കണ്ടതോടെ ഒത്തു കൂടിയവരെല്ലാം ഓടി രക്ഷപെട്ടു. ഇവർ എത്തിയ പതിനഞ്ച് വാഹനങ്ങളും ബിരിയാണിയും പാത്രങ്ങളും കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറത്ത് ലോക്ഡൗണിൽ സമാന സംഭവങ്ങൾ വർധിക്കുകയാണ്. മഞ്ചേരി നെല്ലിക്കുത്തിലായിരുന്നു യുവാക്കൾ സംഘടിച്ച് കോഴി ചുട്ടെടുത്ത് അൽഫഹം ഉണ്ടാക്കിയത്. പൊലീസെത്തിയതോടെ ഇവരും ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് നെല്ലിക്കുത്ത് പഴയ ഇഷ്ടിക കമ്പനിക്ക് അടുത്തായിരുന്നു സംഭവം.

ട്രിപ്പിൾ ലോക്ക്‌ഡൗൺ പത്താം ദിവസം പിന്നിടുമ്പോഴും മലപ്പുറത്ത് രോഗബാധയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഇന്നലത്തെ കണക്ക് പ്രകാരം കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നതിന്റെസൂചനയുണ്ടെങ്കിലും മറ്റ് ജില്ലകളിലേതിന് സമാനമായ കുറവില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഇന്നലെയും മലപ്പുറത്താണ്. 4,751 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി. ചൊവ്വാഴ്ച ഇത് 26.57 ശതമാനമായിരുന്നു. ഹോം ക്വാറന്റീന് ജില്ലാ ഭരണകൂടം പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ രോഗം സ്ഥിരീകരിച്ചാൽ നിർബന്ധമായും ഡിസിസി, സിഎഫ്എൽടിസി കേന്ദ്രങ്ങളിൽ കഴിയണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.

ട്രിപ്പിൾ ലോക്ഡൗണിൽ ഇന്നലെ മുതൽ ചെറിയ ഇളവുകൾ ജില്ലാ കലക്ടർ അനുവദിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾക്കും, വളം, കീടനാശിനി, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.