കോഴിക്കോട്: മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ സ്ത്രീക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. പന്നികോട് ഇരഞ്ഞിമാവ് പഞ്ചിലി വീട്ടിൽ റഷീദ (40) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടയാണ് സംഭവം.

പ്രസവ വേദന അനുഭവപ്പെട്ട റഷീദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഉടൻ തന്നെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. തുടർന്ന് 6.58ന് ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂം എമർജൻസി റസ്‌പോൺസ് ഓഫീസർ റുമൈസ അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ്, പൈലറ്റ് സൽമാൻ ടി.പി എന്നിവർ ആശുപത്രിയിൽ എത്തി റാഷിദയെ ആംബുലൻസിലേക്ക് മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു. ആശുപത്രിയിലെ നേഴ്‌സിങ് അസിസ്റ്റന്റ് ജിജിമോളും ഇവരെ അനുഗമിച്ചു.

ആംബുലൻസ് മുണ്ടിക്കൽതാഴം എത്തിയപ്പോൾ റഷീദയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയും പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു. 7.30 ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ്, നേഴ്‌സിങ് അസിസ്റ്റന്റ് ജിജിമോൾ എന്നിവരുടെ പരിചരണത്തിൽ റാഷിദ കുഞ്ഞിന് ജന്മം നൽകി.

പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി നിഖിൽ വർഗീസ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി. ഉടൻ തന്നെ ഇരുവരെയും പൈലറ്റ് സൽമാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.