ന്യുഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പുഃനപരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതിയും തള്ളി. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെ, ജസ്റ്റീസ് ബൊപ്പണ്ണ, ജസ്റ്റീസ് രാമ സുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് തള്ളിയത്. മുൻ ഉത്തരവിൽ അപാകതയൊന്നും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. ഇതോടെ കേസിലെ വിചാരണ ഒഴിവാക്കാനുള്ള ഫ്രാങ്കോയുടെ എല്ലാ നിയമപോരാട്ടങ്ങളും അവസാനിച്ചു. ഇനി ഒരു തിരുത്തൽ ഹർജിക്ക് മാത്രമാണ് സാധ്യതയുള്ളത്. ഇതിലും അനുകൂലമായ തീരുമാനമുണ്ടാകാൻ സാധ്യത കുറവാണ്.

അതേസമയം, കേസിൽ വിചാരണ കോട്ടയത്തെ വിചാരണ കോടതിയിൽ തുടരുകയാണ്. ഈ മാസം 12ന് വിചാരണ തുടരും. ഇതിനകം തന്നെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആറ് ദിവസം വിസ്തരിച്ചു.