തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി മലയാള സിനിമയിലെ നടിമാർ. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അടക്കമുള്ളവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 'അവൾക്കൊപ്പം എന്നും' എന്ന കുറിപ്പോടെയാണ് താരങ്ങൾ പ്രതികരണം രേഖപ്പെടുത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണവുമായി രംഗത്ത് വന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവച്ചായിരുന്നു പാർവതിയും റിമയും പ്രതികരിച്ചത്. അവൾക്കൊപ്പമെന്ന് റിമ കുറിച്ചു. വിധി തികച്ചും ക്രൂരമായിപ്പോയെന്ന് പാർവതി കുറിച്ചു. 'ഞങ്ങൾ പിന്മാറുകയില്ല, എന്തു തന്നെ ഞങ്ങളെ തോൽപ്പിച്ചാലും ഞങ്ങൾ പിന്മാറുകയില്ല. ഹൃദയം തകരുന്നു'- പാർവതി കൂട്ടിച്ചേർത്തു.

നേരത്തെ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ എൻഎസ് മാധവനും രംഗത്തെത്തിയിരുന്നു. ''യേശു ഒരുകഥ പറഞ്ഞു. ഒരിക്കൽ ഒരു കർഷകൻ വിത്ത് വിതയ്ക്കുവാൻപോയി. ചില വിത്തുകൾ വഴിയരികിൽ വീണു. അവ കിളികൾ കൊത്തിത്തിന്നു. ചില വിത്തുകൾ പാറസ്ഥലങ്ങളിൽ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ ആഴത്തിൽ വേരിറങ്ങാൻ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.''എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അതേസമയം, ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്മാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്‌പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.