കൊച്ചി: ബിജെപി സംസ്ഥാന സമിതിയിൽ നിന്ന് രാജിവെച്ചു എന്നതുകൊണ്ട് പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ അലി അക്‌ബർ. ബിജെപിയുടെ ഒരു സാധാരണ മെമ്പറായി, സംഘിയായി തുടരും. താൻ പിടിച്ച താമര പറിച്ചുമാറ്റാൻ ശക്തി വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നസീറിനെ സംബന്ധിച്ചുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണ്. തന്നെ പോലെ അഞ്ചോ ആറോ വർഷം മുമ്പ് പാർട്ടിയിലെത്തിയ ആളല്ല നസീർ. പാർട്ടിയിൽ ആൾക്കൂട്ടം ഉണ്ടാകുന്നതിന് മുമ്പ് ബിജെപിയിലെത്തിയ ഒരു മുസ്ലിം യുവാവാണ്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുണ്ട് നസീറിന്. ഒരു കമ്മിറ്റിയുടെ അംഗമായി കൊണ്ട് നസീറിന്റെ വിഷമത്തെ കുറിച്ച് സംസാരിക്കാനാകില്ല. സ്വതന്ത്രമായ അഭിപ്രായം പറയുന്നതിന് വേണ്ടിയാണ് സംസ്ഥാന സമിതിയിൽ നിന്ന് രാജിവെച്ചതെന്നും അലി അക്‌ബർ പറഞ്ഞു.

'പെരുംനുണകളാണ് എന്നെ കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത് സത്യമാണ്. ബിജെപിയുടെ ഒരു സാധാരണ മെമ്പറായി, സംഘിയായി തുടരും. അതിൽ യാതൊരു സംശയവും ആർക്കും വേണ്ട. അലി അക്‌ബർ ബിജെപി വിട്ടുപോയെന്ന് ചിലർ പറയുന്നുണ്ട്. അതൊരിക്കലുമുണ്ടാകില്ല. സംഘിയായി തുടരുന്നതിൽ സന്തോഷം കണ്ടെത്തുന്നവനാണ് ഞാൻ' അലി അക്‌ബർ ഫേസ്‌ബുക്ക് ലൈവിലൂടെ നിലപാട് വ്യക്തമാക്കി.

ഒരു നേതാവിനോടും ദേഷ്യവും വൈരാഗ്യവുമില്ല. ഏത് പക്ഷക്കാരനാണെന്ന് തനിക്കറിയില്ല. രാഷ്ട്രീയത്തിന്റെ ഉള്ളുകളിലേക്ക് പോകാത്ത കലാകാരനാണ് താൻ. അപ്പപ്പോൾ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കും. ഏതെങ്കിലും ഒരു പക്ഷത്തോട് അടുപ്പമോ വെറുപ്പോ ഇല്ല. എന്നാൽ ഇത് നന്നായി പ്രവർത്തിക്കണമെന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകനാണ് താൻ. ഒരു ശക്തിക്കും തന്നെ താമരയിൽ നിന്ന് അകറ്റാനാവില്ല.

ആരൊക്കെയാണ് പുതിയ കമ്മിറ്റിയിലെന്ന് എനിക്ക് നോക്കാൻ പോലും സമയം കിട്ടിയിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ നിന്ന് അഭിപ്രായം പറയാതിരിക്കാനാകില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായിട്ടില്ല എന്ന ബോധ്യമുണ്ട്. ഉത്തരവാദിത്തം നിറവേറ്റാൻ എനിക്ക് കഴിയുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്ഥാനം രാജിവെച്ചതെന്നും അലി അക്‌ബർ വ്യക്തമാക്കി.

ബിജെപി മുൻ സംസ്ഥാന സെക്രട്ടറി എ.കെ.നസീറിനെ പുറത്താക്കിയതടക്കം ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടിയെന്ന് അലി അക്‌ബർ പറഞ്ഞിരുന്നും. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.