തിരുവനന്തപുരം: കോർപ്പറേഷൻ യോഗത്തിൽ കയ്യാങ്കളി നടത്തിയ സംഭവത്തിൽ ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്‌പെന്റ് ചെയ്തു. ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കോർപ്പറേഷന്റെ സോണൽ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി യോഗത്തിൽ ബഹളമുണ്ടാക്കിയത്.

എന്നാൽ ഇത് അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതോടെ വാക്കുതർക്കം ആരംഭിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്നാണ് ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തതിൽ അദ്ദേഹം പൊലീസിന് പരാതി നൽകുമെന്നും ബിജെപി അംഗങ്ങൾ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ് അവഹേളിച്ചു എന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

അതേസമയം സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ഭരണപക്ഷവും ബിജെപിയും പ്രതിഷേധിക്കുകയാണ്. രാത്രിയിലും കോർപ്പറേഷനിൽ തങ്ങാനാണ് ബിജെപി കൗൺസിലർമാരുടെ തീരുമാനം. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി പറഞ്ഞു.

എന്നാൽ സോണൽ ഓഫീസ് അഴിമതിയിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു. മുഴുവൻ സോണൽ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.