മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയിൽ നടത്തിയ പ്രസം​ഗത്തിനിടെയാണ് ശിവസേന നേതാവ് ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ബിജെപിക്ക് ഭാരത് മാതാ കീ ജയ് വിളിക്കാൻ ഒരു അവകാശവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയോ, ഇന്ത്യയോ ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ് ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ ഭാരത് മാതാ കീ ജയ് വിളിക്കാൻ അവർക്ക് ഒരു അവകാശവും ഇല്ല. സാധാരണക്കാരനോട് നീതി കാണിക്കാൻ കഴിയാത്ത ബിജെപിക്ക്ഭാരത് മാതാ കീ ജയ് വിളിക്കാൻ എന്ത് അവകാശമാണ് ഉള്ളത് - ഉദ്ദവ് പറഞ്ഞു. പെട്രോളിന് വില 100 പിന്നിട്ടു, പാചക വാതകത്തിന്റെ വില 1000ത്തിലേക്ക് നീങ്ങുന്നു. നന്ദിയുണ്ട്, കാരണം അവർക്ക് സൈക്കിളിന്റെ പൈസയെങ്കിലും വർദ്ധിപ്പിക്കാതിരിക്കുന്നുണ്ടല്ലോ - ഉദ്ദവ് താക്കറെ ഇന്ദന വില വർദ്ധനവിൽ ബിജെപിയെ പരിഹസിച്ചു.

2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് അമിത് ഷാ താനുമായി നടത്തിയ ചർച്ചയും പ്രസംഗത്തിൽ ഉദ്ദവ് താക്കറെ സൂചിപ്പിച്ചു. എങ്ങനെ മുന്നോട്ടു പോകണം എന്ന തന്ത്രങ്ങൾ ചർച്ച ചെയ്ത്, പുറത്ത് വന്ന് അത് നാണമില്ലാതെ നിങ്ങൾ നിഷേധിച്ചു, നാണമില്ലാതെ എന്ന് പറയുന്നത് അൺപാർളിമെൻററി വാക്കാണ്. എന്നാലും അത് തന്നെ ഉപയോഗിക്കേണ്ടിവരും. ഇതാണോ നിങ്ങളുടെ ഹിന്ദുത്വ, ഇതാണ് നിങ്ങൾക്ക് ബാൽ താക്കറേയോടുള്ള സ്നേഹം? - ഉദ്ദവ് താക്കറേ ചോദിക്കുന്നു.