കൊച്ചി: അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പൊന്നാട അണിഞ്ഞ് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കൾക്കുമൊപ്പമാണ് സുരേന്ദ്രൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.

മമ്മൂട്ടിയെ ആദരിച്ച വിവരം സംസ്ഥാന അധ്യക്ഷൻ സമൂഹമാധ്യമത്തിലുടെ പങ്കുവെക്കുകയും ചെയ്തു.'അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു'. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സുരേന്ദ്രൻ പറഞ്ഞു.ഒരു മണിക്കൂറോളം ചെലവഴിച്ചാണ് സംഘം മടങ്ങിയത്.

ഓഗസ്റ്റ് ആറിനാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അൻപതു വർഷം പൂർത്തിയായത്. തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. ആഘോഷം വിപുലമായി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ അഭ്യർത്ഥന. കോവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞദിവസം അറിയിച്ചത്