മുംബൈ: ഇന്ന് അന്തരിച്ച ഹിന്ദി സിനിമാതാരം ദിലീപ് കുമാറിനെതിരെ ട്വീറ്റുമായി ബിജെപിയുടെ ഹരിയാന ഐ ടി സെൽ തലവൻ. ഹിന്ദിയിലുള്ള ട്വീറ്റിൽ ഒരു ഹിന്ദു പേര് കൊണ്ട് ചലച്ചിത്ര ലോകത്ത് നിന്ന് പണം സമ്പാദിച്ച മുഹമ്മദ് യൂസഫ് ഖാന്റെ (ദിലീപ് കുമാർ) മരണം ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ബിജെപി ഐ ടി സെൽ തലവൻ അരുൺ യാദവ് ട്വിറ്ററിൽ കുറിച്ചു.

ഈ ട്വീറ്റിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ബോളിവുഡ് അഭിനേത്രിയും ശിവസേന നേതാവുമായ ഉർമിള മഡോണ്ട്കർ അരുൺ യാദവിന്റെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ട് നാണക്കേട് എന്ന് കുറിച്ചു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ ദിലീപ് കുമാറിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.1922ൽ പെഷാവാറിൽ ജനിച്ച ദിലീപ് കുമാറിന് മാതാപിതാക്കൾ ഇട്ട പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു.

1944ൽ തന്റെ ആദ്യ ചിത്രമായ ജ്വാർ ബട്ടയിൽ അഭിനയിക്കുന്നതിന് മുമ്പ് ദിലീപ് കുമാർ എന്ന പേര് സ്വീകരിക്കുകയായിരുന്നു.