അമരാവതി: ചാനൽ ചർച്ചക്കിടെ ബിജെപി നേതാവിനെ ആക്ടിവിസ്റ്റ് ചെരുപ്പൂരി അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തെലുങ്കു വാർത്ത ചാനലായ എ.ബി.എൻ ആന്ധ്രാ ജ്യോതി ടി.വി ചാനലിൽ നടന്ന ചർച്ചക്കിടെയാണ് ആന്ധ്രാപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി എസ്. വിഷ്ണുവർധൻ റെഡ്ഡിയെ അമരാവതി ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗം ശ്രീനിവാസ റാവു ചെരുപ്പൂരി തല്ലിയത്. പ്രശസ്ത മാധ്യമ പ്രവർത്തകൻ പാർവതനേനി വെങ്കട കൃഷ്ണ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ ലൈവ് ഡിബേറ്റിലാണ് ബിജെപി നേതാവിന് തല്ലുകൊണ്ടത്.

അമരാവതി തർക്കം വിഷയത്തിലായിരുന്നു ചാനൽ ചർച്ച സംഘടിപ്പിച്ചത്. ചർച്ചക്കിടെ ആന്ധ്രാപ്രദേശ് ബിജെപി ജനറൽ സെക്രട്ടറി എസ്. വിഷ്ണുവർധൻ റെഡ്ഡിയും അമരാവതി ജോയിന്റ് ആക്ഷൻ കമ്മിറ്റി അംഗമായ ശ്രീനിവാസ റാവുവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ചപ്പോൾ ശ്രീനിവാസ റാവു വിഷ്ണുവർധൻ റെഡ്ഡിയെ ചെരുപ്പൂരിയടിച്ചു. അവതാരകൻ പർവതനേനി വെങ്കട്ട കൃഷ്ണ രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചർച്ചയിലെ ഈ തല്ലുന്ന ഭാഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ബിജെപി ടി.ഡി.പിയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. അല്ലെങ്കിൽ തങ്ങളെപ്പോലെ സംഭവത്തെ അപലപിക്കണമെന്നും ആന്ധ്രാപ്രദേശിൽ നിന്നുള്ള ബിജെപി രാജ്യസഭാംഗം ജി.വി.എൽ നരസിംഹ റാവു ആവശ്യപ്പെട്ടു. ശ്രീനിവാസ റാവു ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനാണെന്നും അതിനാലാണ് ബിജെപി നേതാവിനെ തല്ലിയതെന്നുമാണ് ബിജെപിയുടെ ആരോപണം. ഈ ആരോപണങ്ങളോട് ടി.ഡി.പി നേതൃത്വം പ്രതികരിച്ചിട്ടില്ല.

അതേസമയം, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ശ്രീനിവാസ റാവു ബിജെപിയുടെ വിഷ്ണുവർദ്ധൻ റെഡ്ഡിയെ തല്ലിയതിന്റെ വൈറൽ ക്ലിപ്പ് ടിഡിപി അനുകൂലികളും അനുഭാവികളും പരക്കെ പങ്കുവച്ചിട്ടുണ്ട്. അവർ ഈ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. കോളികാപുടി ശ്രീനിവാസ റാവു ഹൈദരാബാദിൽ ഒരു കോച്ചിങ് സെന്റർ നടത്തുന്നയാളാണ്. അമരാവതി കർഷകരുടെ പ്രക്ഷോഭത്തിൽ അദ്ദേഹം സജീവമായി പങ്കെടുക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2024 ലെ തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു ശ്രീനിവാസ റാവുവിനെ ടിഡിപി സ്ഥാനാർത്ഥിയായി നിർത്തിയേക്കും. തദിക്കൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.