മംഗളൂരു: ഹിജാബ് വിഷയത്തിൽ ശരീഅത്ത് നിയമം പാലിക്കാൻ മുന്നോട്ട് വന്നവർ ബജ്റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലും അത് പാലിക്കണമെന്ന് ഉഡുപ്പിയിലെ ബിജെപി എംഎൽഎ രഘുപതി ഭട്ട്. ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയ ആറ് അക്രമികളെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും പരസ്യമായി കല്ലെറിയാൻ അനുവദിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർ ശരീഅത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കുകയാണെങ്കിൽ, അവർക്കായി അൽപം ത്യാഗം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്. ഞങ്ങൾ ഭരണഘടന അനുസരിച്ചാണ് പോകുന്നത്. ശരീഅത്ത് അനുസരിച്ചാണ് അവർ പോകുന്നത്. ശരീഅത്തിന്റെ എല്ലാ നിയമങ്ങളും മുസ്ലീങ്ങൾക്ക് നിർബന്ധമാക്കിയാൽ പല പ്രശ്‌നങ്ങൾക്കും അറുതി ഉണ്ടാകുമെന്ന് എം എൽ എ പറഞ്ഞു.

ശരീഅത്ത് നിയമപ്രകാരം ഒരാൾ മറ്റൊരാളെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്താൽ അവനെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണമെന്നാണ് നിയമം. ഇത് അവർക്ക് ബാധകമാകണം. ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ അപലപിച്ച് മണിപാലിലെ ടൈഗർ സർക്കിളിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

ഹിജാബ് രാജ്യത്തിന് അപകടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കണം. ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് നീക്കം ചെയ്തവരെ ഞങ്ങൾ ബഹുമാനിക്കുന്നു. ഹിജാബിന്റെ കാര്യത്തിൽ കോൺഗ്രസ് ഒളിച്ചോടാൻ പാടില്ല' - രഘുപതി ഭട്ട് കൂട്ടിച്ചേർത്തു.

ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിച്ച് സമൂഹത്തിലെ സമാധാനം തകർക്കരുതെന്ന് ചടങ്ങിൽ സംസാരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് കുയിലടി സുരേഷ് നായക് പറഞ്ഞു. 'ഹിന്ദുക്കൾ മിണ്ടാതിരിക്കില്ല. പി എഫ് ഐ, എസ് ഡി പി ഐ എന്നിവയ്‌ക്കെതിരെ പോരാടാൻ നമ്മുടെ ഹിന്ദു പ്രവർത്തകർ തയ്യാറാണ്. ഹൈക്കോടതി ഉത്തരവ് പാലിക്കാനുള്ള മിനിമം മര്യാദ പോലും വിദ്യാർത്ഥികൾക്കില്ല. നിങ്ങൾക്ക് ശരീഅത്ത് പിന്തുടരണമെങ്കിൽ, ശരീഅത്ത് പിന്തുടരുന്ന രാജ്യങ്ങളിലേക്ക് പോകുക. ഹർഷയുടെ കൊലപാതകത്തോടെ ഇത്തരം പ്രവൃത്തികൾ അവസാനിക്കട്ടെ. അല്ലാത്തപക്ഷം ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കാൻ ബുദ്ധിമുട്ടാകും' - അദ്ദേഹം പറഞ്ഞു.