ന്യൂഡൽഹി: ഉത്തരാഖണ്ഡലെ ബിജെപി എംഎൽഎക്കെതിരെ പീഡന ആരോപണം. അൽമോറയിലെ ബിജെപി മഹേഷ് നെഗിക്കെതിരെയാണ് യുവതി ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നത്. അതേസമയം യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എംഎൽഎയും പരാതി നൽകിയിട്ടുണ്ട്. അഞ്ച് കോടി രൂപ നൽകാൻ യുവതി ആവശ്യപ്പെട്ടിരുന്നു ഇത് നൽകാത്തതിലെ ദേഷ്യമാണ് ഈ കേസിന് കാരണമെന്നും മഹേഷ് നെഗി പറഞ്ഞു. 2016 മുതലാണ് തനിക്ക് നെഗിയെ പരിചയമുള്ളതെന്ന് യുവതി പറയുന്നത്. നെഗിയുടെ തൊട്ടടുത്ത വീട്ടിലാണ് യുവതിയും അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇയാൾ പീഡിപ്പിക്കാൻ തുടങ്ങിയതെന്നും അവർ വ്യക്തമാക്കുന്നു.

അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ ആശുപത്രിയിലേക്ക് മാറ്റാൻ നെഗി സഹായിച്ചു. തുടർന്ന് സ്ഥിരമായി അമ്മയ്ക്ക് ആവി പിടിക്കാൻ ഹോസ്പിറ്റലിൽ ചെല്ലാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ തന്റെ വീട്ടിൽ അതിനുള്ള സൗകര്യമുണ്ടെന്നും വീട്ടിലേക്ക് വന്നാൽ മതിയെന്നും നെഗി പറഞ്ഞിരുന്നു. തുടർന്ന് വീട്ടിലേക്ക് പോയപ്പോൾ അയാൾ തന്നെ കടന്നു പിടിക്കുകയും നിർബന്ധിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. തുടർന്നും ഇത്തരത്തിൽ നിരവധി തവണ ഉപദ്രവിച്ചു. കല്യാണം കഴിയുന്നതിന് ആഴ്ചകൾ മുമ്പ് അയാൾ തന്നെ മുസ്സോറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും യുവതി പറയുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തിരികെ വീട്ടിലെത്തണമെന്നും ഇല്ലെങ്കിൽ എല്ലാം ഭർത്താവിനോട് പറയുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് അൽമോറയിലേക്കുള്ള സ്വന്തം വീട്ടിലേക്ക് താൻ തിരിച്ചുവന്നു. വന്നയുടനെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ സ്ത്രീധനത്തിന്റെ പേരിൽ കേസ് കൊടുക്കാൻ അയാൾ തന്നെ ഭീഷണിപ്പെടുത്തി. കേസ് കൊടുത്ത ശേഷം ഭർത്താവിനോട് നടന്നതെല്ലാം യുവതി പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ യുവതിയുടെ ഭർത്താവ് ബന്ധം തുടരാൻ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

പിന്നീട് എംഎ‍ൽഎ നിരന്തരമായി തന്നെ പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ ഗർഭിണിയായ വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ കുഞ്ഞിനെ നോക്കിക്കോളാമെന്ന് തനിക്ക് വാക്കു നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞ് ജനിച്ചപ്പോൾ 25 ലക്ഷം രൂപ തന്ന് എല്ലാം മറക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ റിത നെഗി രംഗത്തെത്തിയിരുന്നു. എന്നാൽ താൻ അതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ് യുവതി എന്ന പേരിൽ ഇവർ പരാതി നൽകി.

തന്റെ കുഞ്ഞിന്റെ അച്ഛൻ ബിജെപി എംഎ‍ൽഎ ആയ മഹേഷ് നെഗി തന്നെയാണ്. ഇതിനിടെ നടത്തിയ ഡി.എൻ.എ ടെസ്റ്റിൽ അത് വ്യക്തമായിട്ടുണ്ടെന്നും യുവതി പറഞ്ഞു. അതേസമയം തന്റെ പ്രതിഛായ തകർക്കാൻ നടത്തുന്ന കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നും ഈ ആരോപണങ്ങളെല്ലാം തന്നെ വ്യാജമാണെന്നും മഹേഷ് പ്രതികരിച്ചു.