പുരുലിയ: ബിജെപിയിൽ ചേരേണ്ടവർക്ക് പോകാമെന്നും എന്നാൽ താൻ അതുകൊണ്ടൊന്നും ആർക്ക് മുന്നിലും തലകുനിക്കില്ലെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ പൊതുയോഗങ്ങളിൽ പ്രശ്നമുണ്ടാക്കാൻ ബിജെപി നേതൃത്വം ആളുകളെ അയക്കുന്നതായും അവർ ആരോപിച്ചു. "ഞങ്ങളുടെ മീറ്റിംഗിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതിനായി ചിലരെ ബിജെപി അയയ്ക്കുന്നത് കുറച്ച് ദിവസമായി ഞാൻ കാണുന്നു. ഇപ്പോൾ ബിജെപിയുടെയും സിപിഎമ്മിന്റെയും മീറ്റിംഗുകളിൽ പ്രശ്നമുണ്ടാക്കുന്നതിന് ഞാൻ ചിലരെ അയയ്ക്കും,"- പുരുലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മമത ബാനർജി പറഞ്ഞു.

മാവോയിസ്റ്റുകളെക്കാൾ അപകടകാരികളാണ് ബിജെപി. അവർ വിഷപ്പാമ്പുകളെ പോലെയാണ്. അത് നിങ്ങളെ ഒറ്റ കടികൊണ്ട് അവസാനിപ്പിക്കുയും വഴിയിൽ വരുന്നവരെയെല്ലാം വിഴുങ്ങുകയും ചെയ്യും. ബിജെപിയെ ബംഗാളിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. ബംഗാളി ഭാഷാ പ്രക്ഷോഭത്തിന്റെ കേന്ദ്രസ്ഥാനം എന്നറിയപ്പെടുന്ന ജില്ലയാണ് പുരുലിയ. ഇവിടുത്തെ ജനങ്ങൾ പുറത്തുനിന്നുള്ളവരെ ഒരിക്കലും അംഗീകരിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു. 'നിങ്ങളുടെ വോട്ടിന് വേണ്ടി ബിജെപി വരുമ്പോൾ അവരെ ചവിട്ടി പുറത്താക്കണം'- മമത പറഞ്ഞു.

'തങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവാക്കിയാണ് ബിജെപി നേതാക്കൾക്ക് തങ്ങൾ ഭക്ഷണം നൽകിയതെന്ന് ഒരു ദലിത് കുടുംബം എന്നോട് പറഞ്ഞു. ഇതെുപോലെ എന്തെങ്കിലും കാണുന്നെങ്കിൽ തൃണമൂൽ പ്രവർത്തകർ കുടുംബങ്ങൾക്ക് പണം നൽകും. വോട്ട് ചെയ്യാൻ നിങ്ങൾക്ക് ആരെങ്കിലും പണം തരുന്നുണ്ടെങ്കിൽ അത് വാങ്ങണം'- മമത പറഞ്ഞു.

അതിനിടെ, കൊൽക്കത്തയിൽ ബിജെപി നടത്തിയ റോഡ് ഷോയ്ക്കുനേരെ ആക്രമണമുണ്ടായിരുന്നു. കേന്ദമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്, തൃണമൂൽ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് പതാകയേന്തിയ ചിലർ ബിജെപി പ്രവർത്തകർക്കെതിരെ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. റോഡ് ഷോയ്ക്കുനേരെ കല്ലേറ് ഉണ്ടായതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.

പൊലീസിൽനിന്ന് അനുമതി വാങ്ങിയശേഷമാണ് റോഡ് ഷോ നടത്തിയതെന്ന് സുവേന്ദു അധികാരി പിന്നീട് പറഞ്ഞു. എന്നിട്ടും കല്ലേറുണ്ടായി. ഭീഷണികൾ വിലപ്പോകില്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ബിജെപിക്ക് ഒപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റോഡ് ഷോയ്ക്കുനേരെ കെട്ടിടങ്ങൾക്ക് മുകളിൽനിന്ന് കുപ്പിയേറുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപി നടത്തിയ പരിവർത്തൻ യാത്രകളാണ് ഇന്ന് കൊൽക്കത്തയിൽ നടന്നത്. ഏപ്രിൽ - മെയ് മാസങ്ങളിലാവും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയാണ് കൊൽക്കത്തയിൽ ബിജെപി റോഡ് ഷോ നടത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സൗത്തുകൊൽക്കത്തയിലുള്ള മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 ഉം വിജയിച്ച ബിജെപി കനത്ത ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. അതിനിടെ ഗവർണർ ജഗ്ദീപ് ധൻകർ കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയടക്കം വിലയിരുത്തുകയും ചെയ്തിരുന്നു.