ന്യൂഡൽഹി: പൊലീസ് തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബിജെപി. കെജ്രിവാളിന്റെ നാടകം മാത്രമായിരുന്നു വീട്ടുതടങ്കൽ വിവാദം എന്നാണ് ബിജെപി ആരോപിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി വീട്ടുതടങ്കലിൽ അല്ലെന്നും കഴിഞ്ഞ രാത്രിയിൽ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനാൽ വീട്ടിൽ വിശ്രമിക്കുകയാണെന്നും മീനാക്ഷി ലേഖി എംപി. ട്വീറ്റ് ചെയ്തു. ഈ തട്ടിപ്പ് ഞങ്ങൾക്ക് പരിചിതമാണെന്ന് അവർ പറഞ്ഞു. ഇത്തവണ മറ്റുള്ളവർ കൂടി ഇത് മനസ്സിലാക്കട്ടേയെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹി പൊലീസും നേരത്തേ ഈ ആരോപണം നിഷേധിച്ചിരുന്നു.

തിങ്കളാഴ്ച മുതൽ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധിക്കുന്ന ബിജെപിയുടെ മേയർമാരെയും കൗൺസിലർമാരെയും കാണാതിരിക്കാനുള്ള കെജ്‌രിവാളിന്റെ നാടകമായിരുന്നു വീട്ടുതടങ്കൽ വിവാദമെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപി. ഭരിക്കുന്ന നോർത്ത് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിലെ മേയർമാരും കൗൺസിലർമാരുമാണ് ഇന്നലെ മുതൽ കെജ്‌രിവാളിന്റെ വസതിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. മുനിസിപ്പാലിറ്റികൾക്ക് സർക്കാർ നൽകേണ്ട 13,000 കോടി രൂപയുടെ കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ സമരം. ഡൽഹി ബിജെപി. വൈസ് പ്രസിഡന്റ് ഹർഷ് മൽഹോത്ര,നിരവധി വനിത കൗൺസിലർമാർ എന്നിവരും മേയർമാരുടെ സംഘത്തിന് ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഡൽഹി ബിജെപി. അധ്യക്ഷൻ ആദേഷ് ഗുപ്ത, എംപിമാരായ മീനാക്ഷി ലേഖി, പർവേഷ് വർമ തുടങ്ങിയവരും പ്രതിഷേധക്കാർക്കൊപ്പം ചേർന്നു.

കെജ്‌രിവാളിനെ ഡൽഹി പൊലീസ് വീട്ടുതടങ്കലിൽ ആക്കിയെന്ന് ആരോപിച്ച് ഇന്ന് അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ ആപ്പ് പ്രവർത്തകർ മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ കെജ്‌രിവാൾ പുറത്തെത്തുകയും പ്രവർത്തകരെ കാണുകയും ചെയ്തു. തന്നെ തടഞ്ഞില്ലായിരുന്നെങ്കിൽ ഭാരത ബന്ദ് നടത്തി പ്രതിഷേധിക്കുന്ന കർഷകരെ ചെന്നു കാണുമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ സന്ദർശിച്ചതിനു പിന്നാലെ കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയെന്നായിരുന്നു ആപ്പ് പ്രവർത്തകരുടെ ആരോപണം. എന്നാൽ ഈ ആരോപണം ഡൽഹി പൊലീസ് നിഷേധിക്കുകയും ചെയ്തിരുന്നു.