തിരുവനന്തപുരം: വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയതുകൊണ്ട് കോൺഗ്രസും യുഡിഎഫും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശനിൽ ഒരു പ്രതീക്ഷയുമില്ല. അഞ്ച് വർഷം കൊണ്ട് കോൺഗ്രസ് നാമാവശേഷമാകുമെന്നും സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

ഇതിനിടെ രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേശ് രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയിലെ അവഗണനയും അവഹേളനവും സഹിച്ച് എന്തിനാണാണ് തുടരുന്നതെന്നും നാണമുണ്ടങ്കിൽ രാജിവെച്ച് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകണമെന്നാണ് ഗണേശ് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബിജെപിക്കും കെ.സുരേന്ദ്രനും മാത്രമാണെന്നും ഗണേശ് പറഞ്ഞു.

കെ ഗണേശ് പറഞ്ഞത്: 'വി.ഡി സതീശൻ പ്രതിപക്ഷ നേതാവായ തീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുമാണുണ്ടായത്. കേരളത്തിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി എംപിയായിരിക്കുന്ന സംസ്ഥാനം എന്ന താല്പര്യം കൂടി കോൺഗ്രസ് ഹൈക്കമാന്റിനുണ്ടാവുക സ്വാഭാവികം. തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ അങ്ങ് ഒഴിവാക്കി. ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിർത്തുന്നത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി നയിച്ചെന്ന് പറയുന്നകോൺഗ്രസുകാരുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റതുകൊണ്ട് അതൊന്നും ചർച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്തപെട്ടിരിക്കുന്നു. ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം. നാണമുണ്ടങ്കിൽ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകണം. കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബിജെപിക്കും കെ.സുരേന്ദ്രനും മാത്രമാണ്. '