കൊച്ചി : കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത് ബിജെപി സംഘടനാ സെക്രട്ടറി എം. ഗണേശിനെ കേന്ദ്രീകരിച്ച്. കേസിൽ എം ഗണേശും വിശ്വസ്തനും തൃശൂർ ജില്ലാ ജന. സെക്രട്ടറി കെ.ആർ ഹരിയും കുടുങ്ങിയേയ്ക്കുമെന്ന് റിപ്പോർട്ടുകൾ. സ്വർണ്ണ- ഡോളർ കടത്ത് കേസുകളിലും ബിനീഷ് കോടിയേരി കേസിലും ഉപദ്രവിച്ചതിന് പകരം വീട്ടാനുള്ള ആയുധമായാണ് ഈ കേസിനെ സംസ്ഥാന സർക്കാർ കാണുന്നത്. ബിനീഷിന് തുടർച്ചയായി ജാമ്യം നിഷേധിക്കുന്നതിലും സിപിഎമ്മിന് അതൃപ്തിയുണ്ട്. ഈ കേസ് ഉപയോഗിച്ച് അവയിൽ നിന്നെല്ലാം എളുപ്പത്തിൽ ഊരാമെന്നും അവർ കണക്കുകൂട്ടുന്നു.

അന്വേഷണം സംസ്ഥാന ഓഫീസ് സെക്രട്ടറിയിൽ കേന്ദ്രീകരിക്കുന്നതിലുള്ള ആശങ്കയിലാണ് ആർഎസ്എസ്. ബിജെപിയിൽ സുരേന്ദ്രവിരുദ്ധചേരിയിലാണ് എം. ഗണേശ് എങ്കിലും സംഘടനാ സെക്രട്ടറിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആത്യന്തികമായി നേതൃത്വത്തിന് ദോഷം ചെയ്യുമെന്ന് സുരേന്ദ്രപക്ഷവും തിരിച്ചറിയുന്നു. ഇലക്ഷൻ ഫണ്ടിനായി എത്തിയ പണം ഇത്ര അലക്ഷ്യമായി കൈകാര്യം ചെയ്തതിൽ കേന്ദ്രനേതൃത്വവും അതൃപ്തിയിലാണ്. എന്ത് വിട്ടുവീഴ്‌ച്ച ചെയ്തും കേസിൽ നിന്നും ഊരാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. കേസിൽ കുടുങ്ങിയിരിക്കുന്ന കെ.ആർ ഹരി എം. ഗണേശിന്റെ വിശ്വസ്തനും സന്തത സഹചാരിയുമാണ്. വലിയ പാർട്ടി പശ്ചാത്തലമൊന്നുമില്ലാത്ത കെ.ആർ ഹരിയെ ജില്ലാ ജന. സെക്രട്ടറിയാക്കിയത് എം. ഗണേശാണ്. ഗണേശ് സംഘടനാ സെക്രട്ടറിയായി എത്തിയ ശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഹരി ജില്ലാ നേതൃത്വത്തിലേയ്ക്ക് എത്തുകയായിരുന്നു. ഇതിൽ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ട്. കഴിഞ്ഞ പുനഃ സംഘടനയിൽ ഹരിയെ ജില്ലാ പ്രസിഡന്റാക്കാൻ ഗണേശ് ശ്രമിച്ചെങ്കിലും പാർട്ടിക്കുള്ളിൽ നിന്നുള്ള എതിർപ്പ് മൂലം നടക്കാതെ പോകുകയായിരുന്നു,

അതേസമയം കേസ് അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റിന് പരാതികൾ ലഭിച്ചിട്ടും ഇടപെടാൻ അവർ ഇതുവരെ തയാറായിട്ടില്ല. കവർച്ചക്കേസിന്റെ അന്വേഷണം പൊലീസ് ഏറെക്കുറെ പൂർത്തിയാക്കി. ഇനി അന്വേഷിക്കാനുള്ളത് കുഴൽപ്പണത്തിന്റെ ഉറവിടമാണ്. അത് കർണാടകയിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനങ്ങൾ. ഇതരസംസ്ഥാനമായതിനാൽ കേരളാ പൊലീസിന് അത് അന്വേഷിക്കുന്നതിൽ പരിമിതികളുണ്ട്. പ്രത്യേകിച്ച് ആ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ് എന്നിരിക്കെ. അതിനാൽ അന്വേഷിക്കേണ്ടത് എൻഫോഴ്സ്മെന്റാണെന്നും ബിജെപി. ഉന്നതരുടെ പങ്ക് മനസിലായതോടെ അവർ ഒളിച്ചുകളിക്കുകയാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. എന്നാൽ അന്വേഷിക്കുന്നതിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിൻവലിയുകയാണ്. അഞ്ചു കോടിക്കു മുകളിലുള്ള കുഴൽപ്പണം ഇടപാടുകളുടെ അന്വേഷണമാണു തങ്ങളുടെ പരിധിയിൽ വരുന്നതെന്നും കൊടകര സംഭവത്തിൽ ഒരു കോടിയേയുള്ളൂ എന്നും അവർ പറയുന്നു. വിദേശ ബന്ധമുള്ള കുഴൽപ്പണം ഇടപാടുകളാണു തങ്ങൾ അന്വേഷിക്കേണ്ടത്. കൊടകര സംഭവത്തിലേതു കുഴൽപ്പണമല്ലെന്നും കള്ളപ്പണമാണെന്നും ഇ.ഡി. പറയുന്നു. കള്ളപ്പണം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണ്.

പൊലീസുകാർ എന്തുപിടിച്ചെടുത്താലും കുഴൽപ്പണമെന്നേ പറയൂ. കൊടകരയിൽ പിടിച്ചെടുത്ത പണം കർണാടകയിൽനിന്നു കൊടുത്തയച്ചതാണെന്നാണു പിടിയിലായവരും പൊലീസും പറയുന്നത്. വിദേശത്തുനിന്നു കൊണ്ടുവന്നതല്ല. ഈ സാഹചര്യത്തിൽ തങ്ങൾക്ക് ഈ കേസ് അന്വേഷിക്കാൻ കഴിയില്ലെന്നും ഇ.ഡി. വിശദീകരിക്കുന്നു.

കൊടകര സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. കോടതി അഭിപ്രായം ചോദിക്കുന്നപക്ഷം ഈ നിലപാട് അറിയിക്കാനാണ് ഇ.ഡി. ഉദ്ദേശിക്കുന്നത്.

ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.

അന്തർ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇ.ഡി. അന്വേഷണം അനിവാര്യമാണെന്നു ഹർജിയിൽ പറയുന്നു. ഇ.ഡിക്കു പരാതി നൽകി ഒരു മാസമായിട്ടും നടപടിയെടുക്കാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നരക്കോടിയോളം രൂപയുടെ കള്ളപ്പണമിടപാട് നടത്തിയതിൽ ബിജെപിക്കു നേരിട്ടു ബന്ധമുണ്ടെന്നു ഹർജിയിൽ ആരോപിക്കുന്നു. കള്ളപ്പണം അന്വേഷിക്കാൻ ചുമതലപ്പെട്ട ഇ.ഡി. അതിനു മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.