തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി തലശ്ശേരിയിൽ പ്രകടനം നടത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി നേരത്തെ എഴുതി തയ്യാറാക്കിയ മുദ്രാവാക്യമാണ് പ്രകടനത്തിനിടെ വിളിക്കാൻ നിർദേശിച്ചിരുന്നതും വിളിച്ചതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ സന്ദീപ് പറയുന്നു. തയ്യാറാക്കിയ മുദ്രാവാക്യത്തിന്റെ കോപ്പി അടക്കമാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

വിവാദത്തിനിടയാക്കിയ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണം പാർട്ടി പരിശോധിക്കും. ശബ്ദവും ദൃശ്യവും തമ്മിൽ മാറ്റി കൃത്രിമത്വം സൃഷ്ടിച്ചതാണോ എന്നും അറിയേണ്ടതുണ്ട്. ആരോപണം ഉന്നയിച്ചവർ അത് ചെയ്ത് പരിചയമുള്ളവരാകുമ്പോൾ പ്രത്യേകിച്ചും.

കേരളത്തിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുഴുവൻ കൊന്നൊടുക്കണമെന്ന് വരെയുള്ള ആഹ്വാനം കേട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച കേരളാ പൊലീസിന്റെയും സിപിഎമ്മിന്റെയും ആവേശം കാണുമ്പോൾ കേരള പൊതുസമൂഹത്തിന് അസ്വാഭാവികത തോന്നുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ഇത്തരത്തിലുള്ള നിരവധി പ്രസംഗങ്ങൾ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിച്ച് ഇപ്പോഴുള്ള ഹാലിളക്കത്തിന്റെ പിന്നിലെ രാഷ്ട്രീയം മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ എന്തായാലും അന്വേഷണം നടക്കട്ടെ. ഇതുകൊണ്ടൊന്നും ബിജെപിയെ തകർക്കാമെന്നോ തളർത്താമെന്നോ കരുതേണ്ട.

യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്റെ 22ാം വാർഷികത്തോടനുബന്ധിച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ബുധനാഴ്ച തലശ്ശേരിയിൽ സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് ആരോപണം ഉയർന്നത്. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ അടക്കമുള്ളവർ റാലിയിൽ പങ്കെടുത്തിരുന്നു. 

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തലശ്ശേരി സംഗമം കവലയിൽ നിന്ന് തുടങ്ങിയ പ്രകടനം പുതിയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദൻ, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ബിജെപി ജില്ല പ്രസിഡന്റ് എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ തുടങ്ങിയ നേതാക്കൾ റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു.  

തലശ്ശേരിയിൽ നടന്ന ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിനിടെ നടന്ന പ്രകടനത്തിൽ ആരോ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതായുള്ള ആരോപണം ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അപലപനീയമാണ്. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി നേരത്തെ എഴുതി തയ്യാറാക്കിയ മുദ്രാവാക്യമാണ് ഇതിനൊപ്പം ചേർത്തിരിക്കുന്നത്. ഈ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിനിടെ വിളിക്കാൻ നിർദേശിച്ചിരുന്നതും വിളിച്ചതും. അതിനിടെ വിവാദത്തിനിടയാക്കിയ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണം പാർട്ടി പരിശോധിക്കും. ശബ്ദവും ദൃശ്യവും തമ്മിൽ മാറ്റി കൃത്രിമത്വം സൃഷ്ടിച്ചതാണോ എന്നും അറിയേണ്ടതുണ്ട്. ആരോപണം ഉന്നയിച്ചവർ അത് ചെയ്ത് പരിചയമുള്ളവരാകുമ്പോൾ പ്രത്യേകിച്ചും.
കേരളത്തിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുഴുവൻ കൊന്നൊടുക്കണമെന്ന് വരെയുള്ള ആഹ്വാനം കേട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച കേരളാ പൊലീസിന്റെയും സിപിഎമ്മിന്റെയും ആവേശം കാണുമ്പോൾ കേരള പൊതുസമൂഹത്തിന് അസ്വാഭാവികത തോന്നുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രസംഗങ്ങൾ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിച്ച് ഇപ്പോഴുള്ള ഹാലിളക്കത്തിന്റെ പിന്നിലെ രാഷ്ട്രീയം മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ? എന്തായാലും അന്വേഷണം നടക്കട്ടെ. ഇതുകൊണ്ടൊന്നും ബിജെപിയെ തകർക്കാമെന്നോ തളർത്താമെന്നോ കരുതേണ്ട.