കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകൽലേക്ക് യുഡിഎഫുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ആർഎംപിഐ തീരുമാനം. ഒഞ്ചിയം ഏരിയ കമ്മറ്റിക്ക് കീഴിലെ ഏറാമല,ചോറോട്,അഴിയൂർ, ഒഞ്ചിയം എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കൻ ആർഎംപിഐ ധാരണയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുപ്പിന് ശേഷമാണ് ഈ പഞ്ചായത്തുകളിൽ ആർഎംപി യുഡിഎഫുമായി സഹകരിച്ചിരുന്നതെങ്കിൽ ഇക്കുറി തെരഞ്ഞെടുപ്പിന് മുമ്പ് അത്തരമൊരു ധാരണയിലെത്തി അതിനനുസരിച്ച് സ്ഥാനാർത്ഥികളെ നിർത്താണ് തീരുമാനം.

യുഡിഎഫുമായി സീറ്റുവിഭജനത്തിന്റെ കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകൾക്ക് പുറമെ വടകര മുനിസിപ്പാലിറ്റിയിലും എടച്ചേരിയിലും യുഡിഎഫുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്. ജില്ല പഞ്ചായത്തിലേക്ക് അഴിയൂർ ഡിവിഷനിൽ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്ന് യുഡിഎഫിൽ നേരത്തെ തന്നെ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ തവണ ആർഎംപിഐ സ്വതന്ത്രമായിട്ടായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് യുഡിഎഫുമായി ധാരണയുണ്ടാക്കി ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളിലും ഭരണത്തിൽ പങ്കാളികളായത്.

പിന്നീട് എൽജെഡി യുഡിഎഫിൽ നിന്ന് പുറത്തുപോയതോടെയാണ് ഒഞ്ചിയം ഒഴികെയുള്ള മൂന്ന് പഞ്ചായത്തുകളുടെ ഭരണ സമിതിയിൽ നിന്നും ആർഎംപി പുറത്തായത്. എന്നാൽ ഇത്തവണ ആ സമീപനം വേണ്ട എന്നാണ് ധാരണ. ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ഇരു കൂട്ടരും ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തിയിട്ടുണ്ട്. എത്ര സീറ്റുകൾ, എവിടെയൊക്കെ മത്സരിക്കണം എന്ന കാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ആർഎംപി സ്വതന്ത്രമായി മത്സരിച്ച ഘട്ടത്തിൽ ചിലയിടത്തെങ്കിലും എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുകയും അതുവഴി എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു.

ഇത്തവണ അതുണ്ടാകില്ലെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ചെലവിൽ സിപിഐഎം സ്ഥാനാർത്ഥികൾ ജയിക്കേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്ന തരത്തിലായിരിക്കും ഈ തവണ തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മേഖലകളിൽ നിന്ന് എൽഡിഎഫിനെ മാറ്റി നിർത്താൻ യുഡിഎഫുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് ആർഎംപിഐ നേരത്തെ പ്ര്യഖ്യാപിച്ചതാണ്. നേരത്തെ വടകര പാർലമെന്റ് ഇലക്ഷനിൽ കെ മുരളീധരന് വേണ്ടി പരസ്യമായി പ്രചരണ രംഗത്ത് ആർഎംപിയുമുണ്ടായിരുന്നു.

അതേ സമയം തൃശൂർ ജില്ലയിൽ ആർഎംപിക്ക് സ്വാധീനമുള്ള കുന്ദംകുളം നഗരസഭയിലും തളിക്കുളം പഞ്ചായത്തിലും ഇതുവരെയും ധാരണയിലെത്താൻ യുഡിഎഫിനും ആർഎംപിക്കുമായിട്ടില്ല. ഈ രണ്ടിടങ്ങളിലും പഴയതുപോലെ സ്വതന്ത്രമായി മത്സരിക്കാനാൻ തന്നെയാണ് ഇപ്പോഴുള്ള തീരുമാനം. കഴിഞ്ഞ തവണ മൂന്ന് സീറ്റുകൾ ലഭിച്ച കുന്ദംകുളം നഗരസഭയിൽ ഇക്കുറിയും തനിച്ച് മത്സരിക്കാനാണ് കുന്ദംകുളത്തെ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.

എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫുമായി ചേർന്ന് ഭരണ സമിതിയുണ്ടാക്കാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫുമായി സഹകരിക്കാമെന്ന് സംസ്ഥാന നേതൃത്വത്തിൽ നിന്ന് അറിയിച്ചിട്ടുണ്ട്. ഒരു സീറ്റുള്ള തളിക്കുളത്തും യുഡിഎഫുമായി ചർച്ചകളോ ധാരണകളോ ഉണ്ടായിട്ടില്ലെന്നും നേതാക്കൾ അറിയിക്കുന്നു.