ന്യൂഡൽഹി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, ബിജെപിയുടെ മുൻസഖ്യകക്ഷിയായ ഗോവാ ഫോർവേഡ് പാർട്ടി കോൺഗ്രസിനൊപ്പം ചേർന്നു. ഇതിനു പിന്നാലെ ജി.എഫ്.പി. നേതാവ് വിജയ് സർദേശായിയും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും കൈകോർത്തുപിടിച്ച ചിത്രം പുറത്തെത്തുകയും ചെയ്തു.

എന്നാൽ ജി.എഫ്.പിയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി. മഹുവാ മോയിത്ര രംഗത്തെത്തി. ജി.എഫ്.പിയെ തങ്ങൾക്കൊപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തൃണമൂൽ കോൺഗ്രസ് നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കാണാതിരിക്കുകയും ജി.എഫ്.പി. കോൺഗ്രസിനൊപ്പം ചേർന്നതുമാണ് മഹുവയെ പ്രകോപിപ്പിച്ചത്.

ഗോവയുടെ നാൽപ്പതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുന്നത്. ബിജെപി. നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഒരുസമയത്തെ നിർണായക സഖ്യകക്ഷിയായിരുന്ന ജി.എഫ്.പി., കഴിഞ്ഞ ഏപ്രിലിലാണ് വഴിപിരിഞ്ഞത്.

2017-ൽ ഗോവയിൽ കോൺഗ്രസ് 17 സീറ്റുകൾ നേടി. ബിജെപി. വെറും 13 സീറ്റും. എന്നിട്ടും, അന്ന് എ.ഐ.സി.സിയുടെ ദിഗ്‌വിജയ് സിങ് 'നിരീക്ഷിച്ചതുപോലെ' അവിശുദ്ധ സർക്കാർ രൂപവത്കരിക്കാൻ ജി.എഫ്.യുമായി ബിജെപി. ഇടപാട് ഉറപ്പിച്ചു- മഹുവ ട്വീറ്റ് ചെയ്തു. ബിജെപി. തിന്മ നിറഞ്ഞതാണെന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജി.എഫ്.പി. മനസ്സിലാക്കുകയും തുടർന്ന് കോൺഗ്രസിനൊപ്പം ചേർന്നെന്നും മഹുവ പരിഹസിക്കുന്നുമുണ്ട്.

ഒക്ടോബറിൽ തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഗോവയിൽ എത്തിയപ്പോൾ വിജയ് സർദേശായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ജി.എഫ്.പിയുമായി സഖ്യമല്ല പകരം ജി.എഫ്.പി. തൃണമൂലിൽ ലയിക്കുന്നതിനോടാണ് തങ്ങൾക്ക് താൽപര്യമെന്ന തൃണമൂൽ കോൺഗ്രസ് നിലപാട് സർദേശായിക്ക് അംഗീകരിക്കാനായില്ല. ഇതിനു പിന്നാലെയാണ് ജി.എഫ്.പി. കോൺഗ്രസിനൊപ്പം സഖ്യംചേരാൻ തീരുമാനിച്ചത്.

ഗോവയുടെ രണ്ടാം വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ വിജയ് സർദേശായിയുടെ പ്രതികരണം.