ചെന്നൈ: തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി. തമിഴ്‌നാടിനെ വിഭജിക്കേണ്ടതാണെന്നാണ് ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷൻ കാരൂർ നാഗരാജന്റെ പ്രതികരണം. കോയമ്പത്തൂർ തലസ്ഥാനമായും ചെന്നൈ തലസ്ഥാനമായും രണ്ട് സംസ്ഥാനങ്ങൾ വേണം. വാർത്തയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ബിജെപിയുടെ ആദ്യപ്രതികരണം.

തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. തമിഴ് ദിനപത്രങ്ങളിലെ വാർത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നു. ഈറോഡിൽ വാർത്ത റിപ്പോർട്ട് ചെയ്ത പത്രങ്ങൾ തമിഴ് സംഘടനകൾ കത്തിച്ചു.

കേന്ദ്രം വിശദീകരണം നൽകണമെന്ന് ഡിഎംഡികെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി ഉൾപ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോർട്ട്. കൊങ്കുമേഖലയിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി എൽ മുരുകന് ഇതിന്റെ ചുമതല നൽകിയെന്നാണ് റിപ്പോർട്ടുകൾ.

എൽ മുരുകനെ കൊങ്കുനാട്ടിൽ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷൻ അണ്ണാമലൈയെ കൊങ്കു നേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്. കൊങ്കുനാടിന് കീഴിൽ നിലവിൽ പത്ത് ലോക്സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ ചർച്ച നടന്നെന്നാണ് റിപ്പോർട്ടുകൾ.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് നീക്കമെന്നും തമിഴ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട് വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വ്യപക പ്രതിഷേധമാണ് ഉയരുന്നത്. ഈറോഡിൽ തമിഴ് സംഘടനകൾ വാർത്ത റിപ്പോർട്ട് ചെയ്ത പത്രങ്ങൾ കത്തിച്ച് പ്രതിഷേധിച്ചു. കോയമ്പത്തൂരിൽ ഡിഎംഡികെ പ്രതിഷേധ ധർണ്ണ നടത്തി.

കരൂരിൽ തന്തെയ്‌പെരിയാർ ദ്രാവിഡ സംഘടന പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്രം വിശദീകരണം നൽകണമെന്ന് തമിഴ് സംഘടനകൾ ആവശ്യപ്പെട്ടു. അണ്ണാഡിഎംകെയ്ക്ക് ശക്തമായ വേരോട്ടമുള്ള മേഖലയാണ് കൊങ്കുജില്ലകൾ. പ്രതിഷേധങ്ങൾക്കിടെ അണ്ണാഡിഎംകെ മുതിർന്ന നേതാവും മുന്മന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡിഎംകെയിൽ ചേർന്നു. വെങ്കടാചലത്തിന്റെ നൂറ് കണക്കിന് അനുയായികളും പാർട്ടി വിട്ടു.