ചണ്ഡീഗഡ്: കർഷക സമരം ബിജെപിക്ക് നൽകുന്നത് വൻ തിരിച്ച‌ടി തന്നെ. പഞ്ചാബിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വലിയ പരാജയമാണ് ഏറ്റുവാങ്ങുന്നത്. അതേസമയം, ഭരണകക്ഷിയായ കോൺ​ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. എൻഡിഎ വിട്ട് തനിച്ച് മത്സരിച്ച ശിരോമണി അകാലിദളും കർഷക രോഷത്തിൽ വലിയ പരിക്കില്ലാതെ രക്ഷപെട്ടു

തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വാധീനം നഷ്ടപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കർഷകരുടെ പ്രതിഷേധം വോട്ടെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ ദുർബലപ്പെടുത്തിയെന്ന് ഫലങ്ങളിൽ നിന്ന് വ്യക്തമാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അമൃത്സർ ജില്ലയിലെ എല്ലാ മുനിസിപ്പൽ കൗൺസിലുകളുടെയും ഫലങ്ങൾ പ്രഖ്യാപിച്ചു. റയ, ജന്ദ്യാല, രാംദാസ് എന്നീ 3 മുനിസിപ്പൽ കൗൺസിലുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ, ശിരോമണി അകാലിദൾ രണ്ട് മുനിസിപ്പൽ കൗൺസിലുകൾ നേടിയിട്ടുണ്ട്- മജിത, അജ്നാല.

മോഗ മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ് 20 സീറ്റുകളിൽ വിജയിച്ചു. ശിരോമണി അകാലിദൾ 15 ഇടത്തും വിജയിച്ചിട്ടുണ്ട്. ലാൽറുവിൽ കോൺഗ്രസ് അഞ്ചിടത്തും അകാലിദൾ ഒരു സീറ്റും നേടി. അബോഹറിൽ 50 വാർഡിൽ 49 ഉം കോൺഗ്രസ് വിജയിച്ചു. അബോഹർ കോർപ്പറേഷനിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ജലാലാബാദിൽ കോൺഗ്രസ് 11 ഇടത്ത് വിജയിച്ചപ്പോൾ അകാലിദൾ 11 വാർഡും എഎപി ഒന്നും നേടി. ഖന്നയിൽ കോൺഗ്രസ് മൂന്നു വാർഡുകൾ നേടി. ഒരെണ്ണം സ്വതന്ത്രനും കരസ്ഥമാക്കി. ബതിൻഡ മുനിസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ് 25 വാർഡുകൾ വിജയിച്ചു. ദേരാബാസിയിൽ കോൺഗ്രസ് ആറിടത്തും അകാലിദൾ രണ്ട് വാർഡുകളിലും വിജയിച്ചു.

പഞ്ചാബിലെ ബതിൻഡ, അബോഹർ, മോഗ, കപൂർത്തല, ഹോഷിയാർപൂർ, ബട്ടാല, പത്താൻകോട്ട് എന്നീ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 2252 വാർഡുകളിലേക്കും 109 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 9222 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. പ്രധാനപാർട്ടികളായ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബിജെപി തുടങ്ങിയ പാർട്ടികളെല്ലാം മൽസരരംഗത്തുണ്ട്. എൻഡിഎ സഖ്യം വേർപിരിഞ്ഞ അകാലി ദളും ബിജെപിയും ഒറ്റയ്‌ക്കൊറ്റയ്ക്കായാണ് മൽസരിക്കുന്നത്. കർഷക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകമാണ്.