കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭണം പിടിക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. 61 സീറ്റ് നേടി ഭരണം പിടിക്കുമെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. അതിൽ കൂടുതൽ സീറ്റ് ബിജെപിക്ക് ലഭിച്ചേക്കുമെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെ അഞ്ചു കോർപ്പറേഷനുകളിലും ബിജെപി മുന്നേറ്റം നടത്തുമെന്നാണ് സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ വിസ്മയകരമായ രീതിയിൽ, നല്ല സംഖ്യയിൽ അക്കൗണ്ട് തുറക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറും കൂടുതൽ പരുങ്ങലിലാകുന്ന സ്ഥിതിയാണ് സ്വർണക്കള്ളക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ഉണ്ടാകുന്നത്. സ്വപ്നയെ ജയിലിൽ പോയി ഭീഷണിപ്പെടുത്തി എന്നുള്ളതും സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട് എന്നുള്ളതും കോടതി മുമ്പാകെ പരാതിയായി നൽകിയ കേസിൽ വലിയ അട്ടിമറിയാണ് ജയിലിൽ നടക്കുന്നത്. ജയിൽ ഡിഐജി ആ സംഭവത്തെ ആസൂത്രിതമായി വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ്. ജയിൽ ഡിഐജി ഇന്നലെ പറഞ്ഞതെല്ലാം മനപ്പൂർവം എഴുതി ഉണ്ടാക്കിയതാണ്. സ്വപ്നയെ നേരത്തെ തന്നെ ജയിലിൽ പോയി ഉന്നതന്മാരായ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കസ്റ്റംസിന്റെ അനുമതിയില്ലാതെ ജയിലിൽ സ്വപ്നയെ കണ്ട ഉന്നത ഉദ്യോഗസ്ഥൻ ഈ ഭീഷണിയുടെ പിന്നിലുണ്ട്. ജയിൽ ഡിഐജിയുടെ നീക്കം സംശയാസ്പദമാണ്. സ്വപ്നയെ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥൻ ആരാണെന്ന് അന്വേഷിക്കണം. സ്വർണക്കടത്തിലെ സുപ്രധാന മൊഴി തിരുത്തിക്കാനും കേസ് അട്ടിമറിക്കാനും ആസൂത്രിതമായ ശ്രമങ്ങൾ നടന്നുവരികയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജയിൽ വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണ്. ഗുരുതരമായ ചട്ടലംഘനമാണ് ജയിലിൽ നടന്നിട്ടുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേസിന്റെ അന്വേഷണത്തിൽ ജയിൽ ഡിഐജി മുൻവിധിയോടെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും എന്തിനാണ്. ജയിലിൽ സ്വപ്നയെ കണ്ടത് ഏത് ഉന്നത ഉദ്യോഗസ്ഥനാണെന്നും, ആരുടെ നിർദേശമാണ് നടപ്പായതെന്നും വ്യക്തമാകേണ്ടതുണ്ട്. ജയിൽ ഡിജിപി ജയിലിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി വിലയിരുത്തണം. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജയിൽ ഡിഐജിയുടെ പങ്ക് സംശയാസ്പദമാണ്. മന്ത്രിമാരെക്കുറിച്ചും മറ്റും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പിണറായി വിജയൻ വനവാസത്തിലാണോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

കണ്ണൂർ ധർമ്മടത്ത് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുകയാണ്. സർക്കാരിന്റെ പദ്ധതി പ്രവർത്തനങ്ങൾ സന്ദർശിക്കുന്നതും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും, ജനങ്ങളുടെ പരാതി സ്വീകരിക്കുകയും ചെയ്യുന്നു. ഇത് തെരഞ്ഞെടുപ്പ് കാലത്ത് പാടില്ലാത്തതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബാഗേജ് ക്ലിയർ ചെയ്യാൻ വിളിച്ചു എന്ന് പറഞ്ഞപ്പോൾ മാധ്യമങ്ങൾ സംശയിച്ചു. ഇപ്പോൾ തെളിഞ്ഞല്ലോ. ഇഡിക്ക് കള്ളക്കടത്തും അനധികൃത സ്വത്തു സമ്പാദനവും തെളിയണമെന്ന് മാത്രമാണ് ഉദ്ദേശമുള്ളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ വീരപ്പനേക്കാൾ വലിയ കൊള്ളയാണ് നടത്തുന്നത്.

രമേശ് ചെന്നിത്തല യാദവ സമൂഹത്തെ അപമാനിച്ചിരിക്കുകയാണ്. കേരളത്തിൽ നിരവധി യാദവ സമൂഹമാണുള്ളത്. ബിജെപി യാദവകുലം പോലെ മുടിയുമെന്ന പ്രസ്താവന സമുദായ അവഹേളനമാണ്. ഇതിന് ചെന്നിത്തല മാപ്പുപറയണം. യാദവ സമൂഹത്തെ അപമാനിച്ച രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി കിട്ടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.