ന്യൂഡൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന 'മ്യൂക്കോർമൈക്കോസിസ്' എന്ന ഫംഗസ് ബാധയും ആശങ്കയായി മാറുന്നു. ഈ രോഗത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്രം നൽകി കഴിഞ്ഞു. കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാൾ ഐ.സി.യു. വാസം അനുഭവിച്ചവരിലുമാണ് ഫംഗസ് ബാധ കണ്ടുവരുന്നത്. ഇതാണ് പുതിയ വെല്ലുവിളിയായി മാറുന്നത്. ബ്ലാക്ക് ഫംഗസ് എന്നാണ് ഈ രോഗത്തിന് വിളിപ്പേര്.

ബ്ലാക്ക് ഫംഗസിന്റെ രോഗനിർണയം, ലക്ഷണങ്ങൾ, ചികിത്സ എന്നിയടങ്ങിയ മാർനിർദ്ദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേർന്നാണ് ഇറക്കിയത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഇതുബാധിച്ച് എട്ടുപേർ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധശേഷിയെ ബാധിക്കും. അതാണ് കോവിഡ് രോഗികളിൽ രോഗം പിടിപെടാൻ കാരണമാകുന്നത്. കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം ഛർദിക്കൽ, മാനസിക അസ്ഥിരത എന്നിവയാണ് ബ്ലാക് ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ. പ്രമേഹരോഗികളായ കോവിഡ് ബാധിതരിൽ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും പല്ലുവേദന, മൂക്കിന്റെ പാലത്തിൽ കറുപ്പ്, ഇരട്ടക്കാഴ്ച, നെഞ്ചുവേദന, ചർമത്തിൽ ക്ഷതം, രക്തം കട്ടപ്പിടിക്കൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

രോഗം തടയാനായി കോവിഡ് മുക്തമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്റ്റിറോയ്ഡുകൾ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മാത്രം നൽകുക, ഓക്‌സിജൻ തെറാപ്പിയിൽ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്‌സും ആന്റി ഫംഗൽ മരുന്നുകളും സൂക്ഷ്മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ടുവെക്കുന്നു. പ്രമേഹം നിയന്ത്രിച്ചും പ്രതിരോധശേഷിയെ ബാധിക്കുന്ന മരുന്നുകളും സ്റ്റിറോയ്ഡുകളും കുറച്ചും ഫംഗസ് ബാധ തടയാമെന്നും നിർദ്ദേശത്തിൽ പറയുന്നു.

അവയവ മാറ്റം നടത്തിയവർ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടവർ എന്നിവർക്ക് അപായം ഉണ്ടാക്കുന്നതാണ് ഈ ഫംഗസിന്റെ പ്രവർത്തനം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ 20 ദിവസത്തിൽ ഇഎൻടി വാർഡിലെ 67 രോഗികൾക്ക് ഈ ഫംഗസ് ബാധയുണ്ടായി എന്നാണ് ബിജെ മെഡിക്കൽ കോളേജ് ആൻഡ് സിവിൽ ഹോസ്പറ്റിലിലെ അസോസിയേറ്റ് പ്രഫസർ കൽപേഷ് പട്ടീൽ പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ ആറു കേസുകൾ പ്രവേശിപ്പിക്കപ്പെട്ടെന്നും, കാഴ്ച ശക്തി നഷ്ടപ്പെടുന്നത് അടക്കം പ്രശ്‌നങ്ങളും ഉയർന്ന മരണ സാധ്യതയും ഉള്ള ഫംഗസ് ബാധയാണ് ഇതെന്നാണ് ഡൽഹിയിലെ ശ്രീ ഗംഗ റാം ഹോസ്പിറ്റലിലെ ഇഎൻടി സർജൻ ഡോ.മനീഷ് മുൻജൽ പറയുന്നത്.

മനുഷ്യരുടെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. കടുത്ത പ്രമേഹ രോഗികളിലാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.