ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികൾ കൂടിയതിനെ തുടർന്നു ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കു പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്നിനു കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികൾ ഉള്ളത്. സംസ്ഥാനത്ത് 7057 പേർക്ക് രോഗം ബാധിച്ചപ്പോൾ 609 പേർ മരിച്ചു. ഗുജറാത്തിൽ 5418 പേർക്കു രോഗം ബാധിക്കുകയും 323 പേർ മരിക്കുകയും ചെയ്തു. 2976 രോഗികളുമായി രാജസ്ഥാനാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തെങ്കിലും 188 പേർ മരിച്ച കർണാടകയാണ് മരണസംഖ്യയിൽ മൂന്നാമത്. മെയ്‌ 25ന് മഹാരാഷ്ട്രയിൽ 2770 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോൾ ഗുജറാത്തിൽ അതേദിവസം 2859 പേർക്കാണ് രോഗം ബാധിച്ചത്.

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ഇതുവരെ 1744 പേർക്കാണ് ബാധിച്ചത്. 142 പേർ മരിച്ചു. ഡൽഹിയിൽ 1200 പേർക്ക് രോഗം ബാധിക്കുകയും 125 പേർ മരിക്കുകയും ചെയ്തു. ഝാർഖണ്ഡിലാണ് ഏറ്റവും കുറവ് ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 96 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് കുറവ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് 23 മരണമാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്.

ബ്ലാക്ക് ഫംഗസ് ബാധ പകർവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടു തന്നെ ബാക്ക് ഫംഗസ് സംശയിക്കുന്ന എല്ലാ കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു റിപ്പോർട്ടു ചെയ്യണം.

പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണു ബാധിക്കുന്നത്. ചിലരിൽ അപൂർവമായി ഗുരുതരമായ അണുബാധയുണ്ടാകാം. വായുവിൽനിന്നാണു പൂപ്പൽ ശ്വാസകോശത്തിൽ കടക്കുന്നത്. പ്രതിരോധ ശേഷിയുള്ളവർക്കു മ്യൂക്കോമിസൈറ്റ് ഭീഷണിയല്ല.

അതേസമയം കോവിഡ് 19 ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗത്തെ ചുരുക്കാൻ കൊറോണ വൈറസിന് കഴിയുമെന്നാണ് പഠനസംഘം വിലയിരുത്തുന്നത്. ജോർജിയ സർവ്വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ന്യൂറോബയോളജി ഓഫ് സ്ട്രെസ് എന്ന മെഡിക്കൽ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊറോണ രോഗം രൂക്ഷമായി ഓക്‌സിജൻ തെറാപ്പി വേണ്ടിവന്നവരിൽ തലച്ചോറിലെ ഗ്രേ മാറ്റർ സ്ഥിതി ചെയ്യുന്നമുൻഭാഗം കാര്യമായി ചുരുങ്ങിയതായി സ്‌കാനിംഗിൽ കണ്ടെത്താനായി. ഏറെകാലം ഓക്‌സിജൻ തെറാപ്പി വേണ്ടിവന്ന കൊറോണ രോഗികൾക്കും വെന്റിലേറ്ററിൽ കഴിഞ്ഞ രോഗികൾക്കും നാഡീസംബന്ധമായ പ്രശ്‌നങ്ങൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വോക്ഹാർട്ട് ആശുപത്രിയിലെ ആരോഗ്യവിദഗ്ധനായ ഡോ. പവൻ പൈ വ്യക്തമാക്കി.

കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ബുദ്ധി ശക്തിയെ തകരാറിലാക്കുമെന്ന് വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്. കൊറോണ വൈറസ് ബാധിച്ചാൽ, രോഗികലിൽ മണവും രുചിയും നഷ്ടമാകുന്നതും സ്ട്രോക്ക് വരുന്നതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജോൺസ് ഹോപ്കിൻസ് പ്രിസിഷൻ മെഡിസിൻ സെന്റർ ഓഫ് എക്സലൻസ് ഫോർ ന്യൂറോക്രിട്ടിക്കൽ കെയറിന്റെ അസോസിയേറ്റ് ഡയറക്ടറായ ക്രിട്ടിക്കൽ കെയർ ഫിസിഷ്യനും ന്യൂറോടെൻസിവിസ്റ്റുമായ റോബർട്ട് സ്റ്റീവൻസ് നേരത്തെ നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു, അതിൽ കോവിഡ്-19 രോഗികൾക്കും ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി.

പിറ്റ്സ്ബർഗ് മെഡിക്കൽ സെന്റർ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, ജോൺസ് ഹോപ്കിൻസ് എന്നിവയുൾപ്പെടെ 20 ലധികം സ്ഥാപനങ്ങളുടെ പുതിയ ഗവേഷണ കൺസോർഷ്യമാണ് ഇക്കാര്യം പഠനവിധേയമാക്കിയത്, സ്റ്റീവൻസ് ഉൾപ്പെടെയുള്ള ഗവേഷകർ രക്തത്തിന്റെയും സുഷുമ്‌ന നാഡിയിലെ ദ്രാവകത്തിന്റെയും ഇമേജിംഗും പരിശോധനകളും നടത്തി കൊറോണ വൈറസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗവേഷണം നടത്തി.