ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു​ഗപുരുഷനെന്നും അവതാരമെന്നുമെല്ലുമാണ് ആരാധകരായ ബിജെപിക്കാർ വിളിക്കുന്നത്. മോദിയുടെ 56 ഇഞ്ച് നെഞ്ചളവും ഭക്തരും വിമർശകരും ചർച്ചയാക്കാറുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശകർ വിശേഷിപ്പിക്കുന്നതാകട്ടെ മുണ്ടുടുത്ത മോദിയെന്നും. എന്നാലിപ്പോൾ, പ്രധാനമന്ത്രിയുടെ വിശേഷണങ്ങളിൽ കാര്യമില്ലെന്നും പിണറായി വിജയൻ മുണ്ടുടുത്ത മോദിയല്ലെന്നും മോദിയാണ് പൈജാമ ധരിച്ച പിണറായി വിജയനെന്നുമാണ് സൈബർ ലോകം പറയുന്നത്. മോദിയുടെ പരിപാടിയിലും കറുത്ത മാസ്കിന് വിലക്ക് വന്നതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്. കറുത്ത മാസ്‌ക് ധരിച്ചത് മാറ്റണെന്ന് പൊലീസ് ആവശ്യപ്പെട്ടു. പരിപാടിക്കെത്തുന്നവർ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ്‌ക് ധരിക്കണമെന്നാണ് പൊലീസ് നിർദ്ദേശിച്ചത്. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീർഘിപ്പിച്ച പാത ഇന്ന് മോദി ഉദ്ഘാടനം ചെയ്യും. 3770 കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്. വാഷർമാൻപേട്ട് മുതൽ വിംകോ നഗർ വരെയാണ് മെട്രോ നീട്ടിയത്. ഡിആർഡിഒ തദ്ദേശീയമായി നിർമ്മിച്ച അർജുൻ ടാങ്കും മോദി സൈന്യത്തിന് കൈമാറും.

കറുത്ത മാസ്കിനോട് നോ പറഞ്ഞ് പിണറായി വിജയനും

ഊരിപ്പിടിച്ച വാളുകൾക്കിടയിൽ കൂടി നടന്നവനെന്ന് വീരവാദം പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്കുകളോട് പോലും ഭയം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിക്കാൻ പൊലീസ് അനുവാദം നൽകിയില്ല. ഇന്നലെ വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞത്. കറുത്ത മാസ്കുകൾ ധരിച്ചെത്തിയവരെ തടഞ്ഞ പൊലീസ് ഇവർക്ക് ധരിക്കാൻ കളർ മാസ്കുകൾ നൽകുകയായിരുന്നു. അതിന് ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

പിഎസ്.സി സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വൻ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

മോദിക്ക് പൊങ്കാലയുമായി സൈബർ മലയാളികൾ

തന്റെ കേരള സന്ദർശനത്തെ കുറിച്ച് കഴിഞ്ഞ ദിവസം മോദി മലയാളത്തിൽ ട്വീറ്റ് ചെയ്തിരുന്നു. 'കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഞാൻ ഉറ്റുനോക്കുകയാണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും'- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ മോദിക്ക് പൊങ്കാലയുമായാണ് മലയാളികൾ സൈബർ ലോകത്ത് അണിനിരന്നിരിക്കുന്നത്. ട്വിറ്ററിൽ പോമോനേ മോദി(PoMoneModi) ഹാഷ്ടാഗ് ട്രെന്റിങ് ആക്കിയിരിക്കുകയാണ് മലയാളികൾ. PoMoneModi ഹാഷ്ടാഗിൽ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയിലേക്ക് പ്രവേശം ഇല്ല, ടോട്ടൽ ബിഗ് ഡിസാസ്റ്റർ ഓഫ് ദ ഇന്ത്യൻസ്, കേരളവും തമിഴ്‌നാടും മോദിയെ അംഗീകരിക്കില്ല, സേ നോ ടു സംഘീസ്, ക്ഷമിക്കണം മോദീ നിങ്ങളുടെ ഭിന്നിപ്പിന്റെ ആ രാഷ്ട്രീയം ഇവിടെ വേവില്ല എന്നു തുടങ്ങി വിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ശനിയാഴ്ച ഗോ ബാക്ക് മോദി ആയിരുന്നു ട്വിറ്ററിൽ ട്രെന്റിംഗായത്. മോദി ചെന്നൈ സന്ദർശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി ട്രെന്റിങ് ആയത്. എത്ര തവണ ചെന്നൈയിൽ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാൻ പോകുന്നില്ലെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ ട്വീറ്റ്. 56 ഇഞ്ച് ചുമ്മാതായിപ്പോയല്ലോ എന്നാണ് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പെരിയാറിന്റെ മണ്ണിൽ നിങ്ങളുടെ ഫാസിസ്റ്റ്, ഇസ്ലാമോഫോബിക്, വർഗീയ, കർഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല എന്നാണ് മറ്റൊരു ട്വീറ്റ്.

രാവിലെ തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രി ഉച്ചക്ക് ശേഷമാണ് കേരളത്തിലേക്ക് വരുന്നത്. ചെന്നൈയിൽനിന്ന് ഉച്ചയ്ക്ക് 2.45-ന് നാവിക സേനയുടെ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങും. കാറിൽ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂൾഗ്രൗണ്ടിൽ എത്തുന്ന അദ്ദേഹം 3.30-ന് നടക്കുന്ന ചടങ്ങിൽ ബി.പി.സി.എല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമർപ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും നിർവഹിക്കും. ചടങ്ങിന് ശേഷം അദ്ദേഹം ബിജെപി.കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും.

തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമ്മാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ് ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും.