ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം. അബ്ദുൾ കലാം റോഡിലെ നടപ്പാതയിലാണ് വൈകിട്ട് അഞ്ച് മണിയോടെ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കില്ല. അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രത്യേക പൊലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികളും സേനാതലവന്മാരും പങ്കെടുക്കുന്ന ബീറ്റിങ് ദ റീട്രീറ്റ് പരിപാടി രാജ്പഥിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

ഡൽഹിയിലെ എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണ് അബ്ദുൾ കലാം റോഡ്. ഇസ്രയേൽ എംബസിയുൾപ്പെടുന്ന മേഖല എല്ലായ്‌പ്പോഴും പൊതുവെ കനത്ത സുരക്ഷാ വലയത്തിലാണ്. പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു.

വിജയ്ചൗക്കിൽ നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരെ അകലത്തിലാണ് സ്‌ഫോടനമുണ്ടയാത്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിജയ് ചൗക്കിലെത്തിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ സംഭവത്തെ നോക്കിക്കാണുന്നത്.

ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു നടപ്പാതയിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർന്നത്. പ്രദേശം ഇപ്പോൾ കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.