റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ തിരക്കേറിയ നഗരമായ ഗാരിസൺ മാർക്കറ്റിൽ പൊലീസ് സ്റ്റേഷന് സമീപം സ്‌ഫോടനം. സ്‌ഫോടനത്തിൽ 25 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

നഗരത്തിൽ നടന്നത് ഗ്രനേഡ് ആക്രമണമാണെന്ന് റാവൽപിണ്ടി സിറ്റി പൊലീസ് ഓഫീസർ മുഹമ്മദ് അഹ്‌സാൻ യൂനാസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു. 25 പേർക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ അറിയിച്ചു. പരിക്കേറ്റ 22 പേരെ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേർക്ക് സംഭവ സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നൽകി.

സ്ഫോടനത്തെത്തുടർന്ന് പൊലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ഡിസംബർ 4 ന് പിർ വധായ് പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 10 ദിവസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.