തിരുവനന്തപുരം: കണ്ണിന് കാഴ്‌ച്ചയില്ലാത്ത തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രവി കുമാറിനും, മലപ്പുറം താളൂർ സ്വദേശിനി സുജാതയ്ക്കും ഒടുവിൽ പ്രണയസാഫല്യം. തിരുവനന്തപുരം പാളയത്ത് ഹസൻ മരയ്ക്കാർ ഹാളിൽ സംഘടിപ്പിച്ച വിവാഹത്തിന് മുഖ്യകാർമികത്വം വഹിച്ച് യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും, കൊച്ചി ഭദ്രാസനാധിപനുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്ത ജാതിമതാതീതമായ മനുഷ്യസ്നേഹത്തിന്റെ ഉത്തമഉദാഹരണമായി.

ഹൈന്ദവമതാചാരപ്രകാരം നടന്ന വിവാഹത്തിൽ താലിയെടുത്ത് നൽകിയതും വരന്റെ വധുവിന്റെയും കൈപിടിച്ചുകൊടുത്തതും ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ നിർദ്ധനരായ യുവതി-യുവാക്കൾക്ക് വേണ്ടി നടത്തുന്ന 35-ാമത് വിവാഹമാണ് ഇത്.

മലപ്പുറം സ്വദേശിയായ സുജാത ഇപ്പോൾ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. ബ്ലൈൻഡ് അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ആറ്റിങ്ങലിൽ ലോട്ടറിക്കച്ചവടം നടത്തുന്ന രവികുമാറുമായി സുജാത പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. ഹ്രസ്വകാലത്തെ പ്രണയജീവിതത്തിന് ശേഷം ഇവർ വീട്ടുകാരോട് പറയുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. അപ്പോഴാണ് മെത്രാപ്പൊലീത്ത നിർദ്ധനർക്കായി സമൂഹവിവാഹം നടത്തുന്ന കാര്യം വാർത്തയിലൂടെ രവികുമാർ അറിയുന്നത്. അദ്ദേഹം ഉടൻ ബിഷപ്പ് ഹൗസുമായി ബന്ധപ്പെടുകയായിരുന്നു.

ഈ വർഷം ഇതിനകം തന്നെ ഒട്ടനവധി വിവാഹങ്ങൾ നടത്തികൊടുത്തതുകൊണ്ട് ഇനി അടുത്തവർഷമെ വിവാഹം നടത്തുന്നുള്ളു എന്ന് തീരുമാനിച്ചിരുന്ന മെത്രപൊലീത്ത അവരുടെ കഥ കേട്ടതോടെ അവരുടെ വിവാഹം നടത്താൻ മുന്നോട്ടുവരുകയായിരുന്നു. മെത്രാപൊലീത്തയുടെ സൗകര്യാർത്ഥം എറണാകുളത്തേയ്ക്ക് വരാമെന്ന് രവികുമാർ പറഞ്ഞെങ്കിലും തിരുവനന്തപുരത്ത് വച്ചുതന്നെ മതിയെന്ന് മെത്രാപൊലീത്ത നിർദ്ദേശിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് പാളയം ഹസൻ മരയ്ക്കാർ ഹാൾ വിവാഹത്തിന് വേദിയാകുന്നത്.

11.40 ന് തീരുമാനിച്ച വിവാഹത്തിന് കൃത്യം 11.30 തിന് തന്നെ തിരുമേനി എത്തി. ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹത്തിൽ പുരോഹിതൻ ഉണ്ടായിരുന്നെങ്കിൽ വരന്റെയും വധുവിന്റെയും അഭ്യർത്ഥനപ്രകാരം മുഖ്യകാർമികത്വം വഹിച്ചത് ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി തന്നെയാണ്. വിവാഹത്തിന്റെ ആദ്യാവസാനം പങ്കെടുത്ത് വധൂവരന്മാരെ ആശീർവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായാണ് വിവാഹം സംഘടിപ്പിച്ചത്. വധൂവരന്മാരുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമെ യാക്കോബായ സുറിയാനി സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ്, ഫാദർ ജോഷി ചിറ്റയത്ത്. ജോസ് സ്ലീവ, സഭയുടെ സമൂഹ വിവാഹ കൺവീനർ ബൈജു മാതാറ, പിന്നണി ഗായിക ലക്ഷ്മി ജയൻ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.