ജയ്പൂർ: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ചെളിയിൽ ഉരുണ്ടാൽ മതിയെന്ന വാദവുമായി ബിജെപി നേതാവ്. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി സുഖ്ബീർസിങ് ജൗനാപുരിയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് കോവിഡ് പ്രതിരോധത്തിനുള്ള ' വിചിത്ര മാർഗ്ഗം' പറഞ്ഞുതരുന്നത്.

ദേഹമാകെ ചെളി പുരട്ടുക, ചെളിയിൽ ഇരുന്നുകൊണ്ട് ശംഖ് ഊതുക ഇതാണ് മുഖ്യമായത്. ശംഖൂതി ചെളിയിൽ ഇരിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നാണ് നേതാവ് പറയുന്നത്. ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാൻ സഹായിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ശംഖൂതുന്നത് വലിയൊരു കാര്യമാണെന്നും എംപി അവകാശപ്പെടുന്നു. മുൻപ് 10-20 സെക്കന്റുകൾ ശംഖൂതിയിരുന്ന താനിപ്പോൾ രണ്ട് മിനുട്ട് ശംഖ് ഊതുന്നുണ്ടെന്നും ആദ്ദേഹം പറയുന്നു.

കൂടാതെ, ഫലങ്ങളുടെ ഇലകൊണ്ട് ഉണ്ടാക്കിയ ജ്യൂസു0 കുടിക്കണം. ഫലങ്ങളെക്കാൾ ഇത്തരം വൃക്ഷങ്ങളുടെ ഇലകൾക്കാണ് പോഷകഗുണം കൂടുതൽ എന്നും എംപി അവകാശപ്പെടുന്നു. കൂടാതെ, കൂവളത്തിന്റെ ഇല, വെണ്ടയുടെ ഇല, മാവില തുടങ്ങിയവ പച്ചയ്ക്ക് അദ്ദേഹം കഴിക്കുന്നുമുണ്ട്.

കോവിഡിനെതിരെ ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കുമ്പോൾ ഇത്തരത്തിൽ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ വാദങ്ങൾ പ്രചരിപ്പിക്കുന്നതിനെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
. കോവിഡിനെ പ്രതിരോധിക്കാൻ കഴിവുള്ള പപ്പടം എന്ന പേരിൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ 'ഭാഭിജി പപ്പട' വുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.