തിരുവനന്തപുരം: ഒക്ടോബർ 16 ശനിയാഴ്ച, കൂട്ടിക്കൽ നിവാസികൾക്ക് മറക്കാൻ സാധിക്കാത്ത ദുരന്തത്തിന്റെ ദിനമാണ്. ദുരിതപ്പെയ്ത്തായി മാറിയ പേമാരിയിൽ ഉരുൾപൊട്ടലുകൾ തുടർച്ചയായി ഉണ്ടാകുകയും മണ്ണിടിച്ചിലും കൂടിയായപ്പോൾ ഒരു ഗ്രാമം മുഴുവൻ ദുരിതത്തിലായി. മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത അതി തീവ്രമഴയാണ് കൂട്ടിക്കൽ എന്ന ഗ്രാമത്തിന് പേടി സ്വപ്‌നം സമ്മാനിച്ചത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി കൂട്ടിക്കലിൽ മാത്രം പത്ത് ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേർ വീടു തകർന്നു ഭവനരഹിതരായി മാറി. ചിലർക്ക് ഉണ്ടായത്് കൃഷിനാശമാണ്.

കൂട്ടികലിന് പുറമേ ഉരുൽപൊട്ടലിൽ വൻനാശം ഉണ്ടായതുകൊക്കയാറിലുമാണ്. ഇരു പ്രദേശങ്ങളിലുമായി 20 പേരാണ് ഉരുൾപൊട്ടലിലും പേമാരിയിലുമായി മരിച്ചത്. സംഹാരതാണ്ഡവമാടിയ കനത്ത മഴ ആ നാടിനെ മുഴുവൻ ദുരിതത്തിലാക്കിയ ശേഷം രണ്ട് മാസം പിന്നിടുന്നു. ഏതൊരു ദുരന്തത്തിലും എന്നതും പോലെ സർക്കാർ സഹായ വാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. ഈ സഹായങ്ങൾ കൊണ്ടൊന്നും തീരുന്നതല്ല ഈ പ്രദേശവാസികളുടെ ദുരന്തം. എങ്കിലും ജീവിതം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് ഇവർ.

സർക്കാർ സഹായങ്ങൾക്ക് അപ്പുറത്തേക്ക് കൂട്ടിക്കൽ, കൊക്കയാർ നിവാസികൾക്ക് എന്തു സഹായം കിട്ടി? ഇനിയും സാധാരണ ജീവിതത്തിലേക്ക് നാട്ടുകാർക്ക് എത്താൻ സാധിച്ചിട്ടുണ്ടോ? സഹായ ഹസ്തങ്ങൾ എല്ലാം പിന്മാറിയ ആ പ്രദേശത്ത് സഹായം ഒരുക്കാൻ മറുനാടൻ കുടുംബം തയ്യാറാണ്. ചാരിറ്റി സംഘടനയായ ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന് കൂട്ടിക്കൽ, കൊക്കയാർ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ തയ്യാറാണ്.

സർക്കാറിന്റെ മാനദണ്ഡങ്ങൾക്ക് പുറത്തുപോയവർ, സർക്കാർ സഹായം തികയാതെ വന്നവർ, മറ്റു സന്നദ്ധ സംഘടനകൾക്കും സഹായം എത്തിക്കാൻ കഴിയാതെ പോയവർ, പ്രകൃതി ദുരന്തം മൂലം പഠനം മുടങ്ങിയവർ, പഠനോപകരണങ്ങൾ നഷ്ടമായവർ, ചികിത്സ മുടങ്ങിയവർ, വീടില്ലാത്തവർ തുടങ്ങി സഹയാം ആവശ്യമുള്ളവർക്കായി സഹായം എത്തിക്കാനാണ് ഈ ചാരിറ്റി സംഘടനകൾ കൂട്ടമായി പരിശ്രമിക്കുന്നത്. ലോകം ക്രിസ്തുമസ് ആഘോഷിക്കുന്ന വേളയിൽ അതിന് അവസരം ലഭിക്കാതെ പോയവർക്ക് കഴിയുന്നസഹായം എത്തിക്കുക എന്നതാണ് ഉദ്ദേശ്യം.

സർക്കാരും മറ്റ് ഏജൻസികളും സ്ഥലം കാലിയാക്കിയ ശേഷം എല്ലാം നഷ്ടപ്പെട്ടു കഴിയുന്ന അനേകർ കൂട്ടിക്കലിലുണ്ട്. ബിഎംസിഎഫിനെയും ആവാസിന്റെയും പ്രതിനിധികൾ ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിച്ചു വിശദമായ പഠനം നടത്തിയ ശേഷമാണ് സർക്കാരിന്റെ സഹായ മാനദണ്ഡങ്ങളിൽ പെടുത്തിയതിനാൽ ആരും സഹായിക്കാനില്ലാതെ കിടക്കുന്നവരെ സഹായിക്കാൻ തീരുമാനിച്ചത്. അതിന് അർഹത ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ അപേക്ഷ നൽകാം.

ഏറ്റവും അത്യാവശ്യമായി സഹായം ആവശ്യമുള്ളവർക്കാണ് സഹായം എത്തിക്കുക. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പ്രദേശങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് മാത്രമായിരിക്കും സഹായം നൽകുക. സർക്കാറിന്റെ സഹായം കിട്ടാത്തവർ, കിട്ടിയ സഹായം കൊണ്ട് ഒന്നിനും തികയാത്തവർ തുടങ്ങിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുന്നത്. ദുരിത ബാധിതർക്കോ അവരുടെ പ്രതിനിധികൾക്കോ charity@britishmalayali.co.uk , keralaawas@gmail.com 
എന്നീ ഇമെയിൽ വിലാസങ്ങളിൽ അപേക്ഷ നൽകാം. വിശദമായ അപേക്ഷ തന്നെ നൽകേണ്ടതാണ്. അപേക്ഷിക്കുന്ന ആളുടെ സാഹചര്യവും പശ്ചാത്തലവുമെല്ലാം വിശദമായി അപേക്ഷയിൽ ഉൾപ്പെടുത്തണം.

ചുവടെ കൊടുത്ത സാഹചര്യങ്ങളിൽ ഉള്ളവർക്കും അപേക്ഷിക്കാം

1 ദുരിത ബാധിതരിൽ അടിയന്തിര സഹായം വേണ്ടവരെ സഹായിക്കുക (വീൽചെയർ, ഉറ്റവരെ നഷ്ടപ്പെട്ടവർ തുടങ്ങിയവർ

2. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവരെ സഹായിക്കുക. (കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവ...)

3. വിദ്യാഭ്യാസ ലോൺ തിരിച്ചടവ് മുടങ്ങിയവർക്കു സഹായം നൽകുക (ദുരന്തം ഉണ്ടാകുന്നതു വരെ കൃത്യമായി തിരിച്ചടച്ചവരും ദുരന്തം കാരണം തിരിച്ചടവ് മുടങ്ങുകയും ചെയ്തവർക്ക് ഒന്നോ രണ്ടോ തിരിച്ചടിവിനുള്ള പണം നൽകുക)

4. ചികിത്സ മുടങ്ങിയർക്ക് സഹായം നൽകുക

എത്ര രൂപ വീതം ആർക്കൊക്കെ നൽകും എന്നതു വിശദമായ പരിശോധനയ്ക്ക് ശേഷമാകും തീരുമാനിക്കുക. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനൊപ്പം മറുനാടൻ മലയാളിയുടെ മുൻകൈയിൽ അതിശക്തമായ സാമൂഹ്യ ഇടപെടലിനായി ആരംഭിച്ച ആവാസും ഒപ്പം ചേരുന്നുണ്ട്. നേരത്തെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്‌കൈ ഡൈവിംഗിലൂടെ പാവപ്പെട്ട 200 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകിയ ഉദ്യമത്തിലും ആവാസ് പങ്കാളിയായിരുന്നു.