മുംബൈ: ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി. മുംബൈ ജുഹുവിലെ ആറ് നില കെട്ടിടമാണ് താരം ഹോട്ടലാക്കി മാറ്റിയത്. സംഭവത്തിൽ ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇതേ കെട്ടിടം നേരത്തേ കോവിഡ് ആരംഭത്തിൽ മെഡിക്കൽ ഉദ്യോ​ഗസ്ഥർക്കായി ക്വാറന്റൈൻ സെന്ററാക്കി മാറ്റിയിരുന്നു. ആരോപണത്തോട് സോനു സൂദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കങ്കണയ്ക്ക് ശേഷം സോനു സൂ​ദിനെയാണ് മുംബൈ അധികൃതർ ലക്ഷ്യം വയ്ക്കുന്നതെന്ന് ബിജെപി നേതാവ് റാം കദം പ്രതികരിച്ചു. സോനു സൂദിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്കെതിരെയാണ് ശിവസേന സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് റാം കദം പറഞ്ഞു.