കൊച്ചി: ആംഡംബരക്കാറുകളുടെ മത്സരം ഓട്ടത്തിൽ നിരപരാധിയായ മനുഷ്യർ റോഡിൽ പിടഞ്ഞ് മരിക്കുമ്പോൾ അന്വേഷണത്തിന്റെ ഗിയർ ഡൗൺ ചെയ്ത് കുറ്റവാളികൾക്കായി പൊലീസിന്റെ സഹായഹസ്തം. യാത്രക്കാരുടെ ജീവന് ഭീഷണിയായി ദേശീയപാതയിലും പൊതുഗതാഗതയിടങ്ങളിലും മത്സരഓട്ടങ്ങൾ പതിവാവുകയാണ്. അപകടം ഉണ്ടായി മറ്റ് വാഹനങ്ങളിലെ യാത്രക്കാരും സാധാരണക്കാരനായ കാൽനടയാത്രികരും മരിച്ച് കേസുമായി മുന്നോട്ട് പോകുമ്പോൾ കാറിൻ ഉള്ളിൽ ഉണ്ടായിരുന്നത് ഏതേങ്കിലും വി.ഐ.പി ആയിരിക്കും. ഇതോടെ പൊലീസിന്റെ അന്വേഷണം പെരുവഴിയിലാകും.

രാഷ്ട്ട്രീയസാധ്വീനവും പിടിപാടുമുള്ള കുറ്റവാളികൾ നിയമത്തിന്റെ വലപൊട്ടിച്ച് രക്ഷപെടുമ്പോൾ തകർന്ന് പോകുന്നത് നിരപരാധിയായ യാത്രക്കാരന്റെ ജീവനും അവന്റെ കുടുംബമാണ്. തൃശ്ശൂരിലും കൊച്ചിയിലും ഇത്തരം മത്സരഓട്ടങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണ്. വിലകൂടിയ കാറുകൾ തമ്മിൽ മാത്രമല്ല റൈസിഗ് ബൈക്കുകളും ഈ കൊലയാളി വിനോദത്തിൽ പങ്കെടുക്കുന്ന കാഴ്ചകൾ നഗരവീഥികളിലെ പതിവ് കാഴ്ചയാണ്.

കുറച്ച് നാളുകൾക്ക് മുൻപ് സിനിമാതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും സമാനമായ രീതിയിൽ കോട്ടയം നഗരത്തിലുടെ ആംഡബരക്കാറുകളിൽ മത്സരഓട്ടം നടത്തിയിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. ഇത് വലിയ വാർത്തക്ക് ഇടയുണ്ടായി എങ്കിലും സംഭവത്തിൽ അപകടമുണ്ടായില്ലെന്നും ഇവരുടെ വാഹനങ്ങൾ വേഗതയുടെ പരിധി ലംഘിച്ചില്ല എന്നുമുള്ള നിലപാടാണ് പൊലീസും മോട്ടോർഗതാഗതവകുപ്പും സ്വീകരിച്ചത്. കുറ്റം ചെയ്യുന്നവന്റെ പിടിപാടുകളിൽ പൊലീസ് ചെയ്തുകൊടുക്കുന്ന ഇത്തരം സഹായങ്ങൾ മരണപ്പെടുന്നവർക്കും പരിക്ക് പറ്റിയവർക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കേണ്ട നീതിയാണ് നിഷേധിക്കപ്പെടുന്നത്.

ബുധനാഴ്ച രാത്രിയിലാണ് തൃശ്ശൂർ കൊട്ടേക്കാട് സെന്ററിൽ ബി.എം.ഡബ്ലൂ.യു മായി മത്സരം നടത്തിയ മഹേന്ദാ ഥാർ ടാക്സി കാറിനെ ഇടിച്ച് തെറിച്ചിച്ചത്. ഗൂരുവായൂർ നിന്നും മടങ്ങുക ആയിരുന്ന പാടുകാട് സ്വദേശി രവിശങ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമായിരുന്നു ഈ ടാക്സി. മാരകമായി പരിക്കേറ്റ രവിശങ്കറിനെ തൃശ്ശൂർ ദയാ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരണപ്പെടുക ആയിരുന്നു. ടാക്സി ഡ്രൈവറായ രാജൻ, മരിച്ച രവിശങ്കറിന്റെ ഭാര്യ മായ, മകൾ, ചെറുമകൾ എന്നീവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു.

വേഗത്തിൽ കടന്ന് പോയ ബി.എം.ഡബ്ല്യൂന്റെ പിറകെയാണ് ഥാർ അമിത വേഗത്തിൽ വന്നത്. കാർ വെട്ടിപൊളിച്ചാണ് ടാക്സിയിൽ ഉണ്ടായിരുന്നവരേ പുറത്തെടുത്തത്. ഥാറിന്റെ ഡ്രൈവറായിരുന്ന പാടൂക്കാട് സ്വദേശി ഷെറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. ഥാറിൽ ഇയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപെട്ടു. ബി.എം.ഡബ്ലൂ കാർ അമിതവേഗത്തിലായിരുന്നു എന്ന് നാട്ടുകാരും ടാക്സി ഡ്രൈവറും പറയുന്നു.

ബി.എം.ഡബ്ലൂ പൊലീസിന് ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടം നടന്ന വിവരം ബി.എം.ഡബ്ലൂയിൽ ഉണ്ടായിരുന്നവർ അറിഞ്ഞ് പൊലും കാണില്ല എന്ന് നാട്ടുകാർ പറയുന്നുണ്ട്. കാരണം അത്ര വേഗതയിലാണ് അത് സഞ്ചരിച്ചിരുന്നത്. സംഭവസ്ഥലത്തെയും കാറുകൾ വന്ന വഴിയിലെയും സി.സി.ടി.വി ക്യാമകൾ പൊലീസ് പരിശോധിച്ചു എങ്കിലും കാറിന്റെ നമ്പരോ അതിൽ സഞ്ചരിച്ച ആളുകളേയും തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഈ കാര്യത്തിൽ അലംഭാവമാണ് കാണിക്കുന്നത് എന്ന് മരിച്ച രവിശങ്കറിന്റെ കുടുംബവും നാട്ടുകാരും ആരോപിക്കുന്നുണ്ട് .

കാറിനുള്ളിൽ ഉണ്ടായിരുന്നത് ഏതോ പ്രമുഖനാണ് അതിനാൽ പൊലീസ് അന്വേഷണം ഇഴയുകയാണെന്ന് ആരോപണം ശക്തമാവുകയാണ്. സിനിമയുമായി ബന്ധമുള്ളവർ പോലുമാകാം എന്നും സംശയമുണ്ട്. ഥാർ ഡ്രൈവറെ ചോദ്യം ചെയ്താൽ ആരാണ് ബിഎംഡബ്ല്യൂവിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമാകും. എന്നാൽ പൊലീസ് അതിന് തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.

സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കുകയും നിയമപരമായ ശിക്ഷാനടപടികൾ വാങ്ങിച്ച് കൊടുക്കുകയും ചെയ്യാം എന്നിരിക്കേ പൊലീസിന്റെയും മോട്ടോർഗതാഗത വകുപ്പിന്റെയും നടപടികൾ ഉന്നതന്മാരേ രക്ഷിക്കാൻ വേണ്ടി മാത്രമുള്ളതായി തീരുന്നു എന്ന് ശക്തമായ ആരോപണം ഉയരുന്നുണ്ട്.