കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി എംപി അർജുൻ സിങ്ങിന്റെ വീടിന് നേരെ ബോംബേറ്. ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. അജ്ഞാതർ മൂന്നുതവണ വീടിന് നേരെ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു.

ബരക്പോറിൽ നിന്നുള്ള എംപിയാണ് അർജുൻ സിങ്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെത്തിയ പൊലീസ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു.രാവിലെ ആറരയോടെ ആയിരുന്നു ആക്രമണം. ബോബ് എറിഞ്ഞ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല. ഡൽഹിയിൽ ആയിരുന്ന അദ്ദേഹം, കൊൽക്കത്തയിൽ തിരിച്ചെത്തിയിട്ടുണ്ട്.

'ആക്രമണത്തിൽ പ്രതികരണവുമായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ രംഗത്തെത്തി. 'ബംഗാളിൽ അക്രമങ്ങൾ അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. പാർലമെന്റ് അംഗം അർജുൻ സിങ്ങിന്റെ വസതിക്ക് പുറത്തെ ബോംബ് സ്ഫോടനം ക്രമസമാധാന നിലയെ ആശങ്കപ്പെടുത്തുന്നതാണ്. ബംഗാൾ പൊലീസ് അടിയന്തര നടപടികൾ സ്വീകരിക്കണം. ഈ വിഷയം നേരത്തെയും മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്'-ധൻകർ ട്വിറ്ററിൽ കുറിച്ചു.