മുംബൈ: രോഗശാന്തിയും ആയുസ്സുമെല്ലാം വാഗ്ധാനം ചെയ്യുന്ന ജപമാലകൾ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി. പരസ്യം നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നടീനടന്മാർകുമെതിരെ അന്ധവിശ്വാസ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശവും നൽകി.

ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടു. പൊതുതാല്പര്യ ഹരജിയിൽ ജസ്റ്റിസുമാരായ തനാജി നൽവാടെ, മുകുന്ദ് സെവ്ലിക്കർ എന്നിവരുടെതാണ് ശ്രദ്ധേയമായ വിധി. എല്ലാവരും അടിസ്ഥാനപരമായി വിദ്യാഭ്യാസമുള്ളവരാണെങ്കിലും ശാസ്ത്രീയമായ വളർച്ച ഉണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നർ പോലും മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുവെന്നും കോടതി പറഞ്ഞു.

നിലവിൽ മഹാരാഷ്ട്രയിലും (Maharashtra Prevention and Eradication of Human Sacrifice and other inhuman, Evil practices and Black magic Act, 2013) കർണാടകയിലും (Karnataka Prevention and Eradication of Human Sacrifice and other inhuman, Evil practices and Black magic Act , 2017) അന്ധവിശ്വാസ നിർമ്മാർജന നിയമം നിലവിലുണ്ട്. ഈ മാതൃകയിൽ കേരളത്തിലെ അന്ധവിശ്വാങ്ങളും അനാചാരങ്ങളും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമനിർമ്മാണം നടപ്പാക്കണമെന്ന് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള നിരവധി സംഘനകൾ ആവശ്യപ്പെട്ടിട്ടും 'പ്രബുദ്ധ കേരളം' ഇത് നടപ്പാക്കിയിട്ടില്ല.