കോട്ടയം: ശബരിമലയിൽ മകരവിളക്കു ദർശനത്തിനുള്ള ബുക്കിങ് തീർത്ഥാടന കാലം തുടങ്ങുന്നതിനു മുൻപു തന്നെ തീർന്നു. ജനുവരി 14 നാണു മകരവിളക്ക്. അന്നത്തെ 30,000 പേർക്കുള്ള ബുക്കിങ് ഇന്നലെ പൂർത്തിയായി. പുതുവത്സര ദിനത്തിലെ ദർശനത്തിനുള്ള ബുക്കിങ്ങും അവസാനിച്ചു. ബുക്ക് ചെയ്തവർ ആരെങ്കിലും വരാതിരുന്നാൽ ഈ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിങ് വഴി പ്രവേശനം നൽകും.

നിലയ്ക്കൽ, എരുമേലി, കുമളി എന്നിവിടങ്ങളിൽ സ്‌പോട് ബുക്കിങ് കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. നിലയ്ക്കലിലെ സ്‌പോട് ബുക്കിങ് കേന്ദ്രം 15ന് ഉദ്ഘാടനം ചെയ്യും.ദിവസം 30,000 പേർക്കാണ് ബുക്കിങ് വഴി പ്രവേശനം നൽകുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്തെ ബുക്കിങ് ഇതിനകം 12 ലക്ഷം കവിഞ്ഞു. ആകെ 18 ലക്ഷം പേർക്കു ദർശനം നൽകാനാകുമെന്നാണ് കണക്കു കൂട്ടൽ. വിദേശത്തു നിന്ന് എത്തുന്നവർ സ്‌പോട് ബുക്കിങ്ങിനു പാസ്‌പോർട്ട് ഹാജരാക്കിയാൽ മതി. മറ്റുള്ളവർ ആധാർ കാർഡും വോട്ടർ ഐഡിയും നൽകണം. വെർച്വൽ ക്യു വഴി ബുക്കിങ് നടത്തിയവർക്കുള്ള വെരിഫിക്കേഷൻ കൗണ്ടർ പമ്പാ ഗണപതി കോവിലിനു സമീപം പ്രവർത്തനം ആരംഭിച്ചു.