ലണ്ടൻ: റൺവേയിലൂടെ ദിവസേന ഒരു ജംബോ ജറ്റ് വിമാനം കെട്ടിവലിച്ചുകൊണ്ടുപോകുന്നത്ര ബുദ്ധിമുട്ടോടെ രാജ്യഭരണം മുന്നോട്ട് കൊണ്ടുപോകുന്ന ബോറിസ് ജോൺസൺ നാലു വർഷത്തിനു ശേഷം പ്രധാനമന്ത്രി പദം വിട്ടിറങ്ങുമെന്ന് വാർത്ത. രാഷ്ട്രീയത്തിൽ ആദ്യം ബോറിസ് ജോൺസന്റെ സന്തതസഹചാരിയും പിന്നീട് എതിരാളിയായി മാറുകയും ചെയ്ത ഡൊമിനിക് കമ്മിങ്സ് തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡൗണിങ് സ്ട്രീറ്റിൽ നിന്നും പുറത്തുപോകാനുള്ള പദ്ധതികൾ ബോറിസ് ജോൺസൺ തയ്യാറാക്കികഴിഞ്ഞു എന്നാണ് അദ്ദേഹം തന്റെ ബ്ലോഗിൽ എഴുതിയിരിക്കുന്നത്.

നീണ്ട 11 വർഷക്കാലം ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറേ പോലെ മന്ത്രിക്കസേരയിൽ ദീർഘനാൾ ഇരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നില്ല എന്നാണ് ബോറിസിന്റെ മുൻ ഉപദേശകൻ കൂടിയായ കുമ്മിങ്സ് പറയുന്നത്. മറ്റു പ്രധാനമന്ത്രിമാരെ പോലെ പദവിയിൽ ബോറിസ് ജോണസൺ കടിച്ചുതൂങ്ങുകയില്ല എന്നാണ് കുമ്മിങ്സ് പറയുന്നത്. ഏറിയാൽ അടുത്ത തെരഞ്ഞെടുപ്പുകഴിഞ്ഞ് ഒന്നോ രണ്ടോവർഷം വരെ അദ്ദേഹം തുടർന്നേക്കാം. അതിനപ്പുറം ഉണ്ടാകില്ല. ഇങ്ങനെ മുന്നോട്ട് പോകുന്നതിലും ബോറിസ് ജോൺസൺ താത്പര്യപ്പെടുന്നത് ധാരാളം സമ്പത്ത് ഉണ്ടാക്കുവാനും ജീവിതം അടിച്ചുപൊളിച്ച് ജീവിക്കുവാനുമാണെന്നു കുമ്മിങ്സ് പറയുന്നു.

2024 ലാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. 2019-ലെ ഉഗ്രൻ വിജയത്തിനുശേഷം 2024-ലും ബോറിസ് ജോൺസന് തന്നെയാണ് സാധ്യതകൾ കൽപിക്കുന്നത്. അദ്ദേഹത്തിന് കടുത്ത ഒരു വെല്ലുവിളി ഉയർത്തുന്ന തലത്തിലേക്ക് പ്രതിപക്ഷ കക്ഷികൾക്ക് ഇനിയും ഉയരാൻ ആയിട്ടില്ല. അങ്ങനെയെങ്കിൽ, കുമ്മിങ്സിന്റെ അഭിപ്രായമനുസരിച്ച് 2025-ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദം വിട്ടൊഴിഞ്ഞേക്കും. എന്നാൽ, ചില ഭരണകക്ഷി എം പിമാർ പറയുന്നത് 2023-ൽ തന്നെ ബോറിസ് ജോൺസൺ രാജിവച്ചേക്കും എന്നാണ്.

കോവിഡ് വാക്സിൻ പദ്ധതിയുടെ പൂർണ്ണ ക്രെഡിറ്റ് ഏറ്റെടുത്തുകൊണ്ട്, എന്നാൽ ഒഴിവാക്കാൻ ആകാത്ത നികുതി വർദ്ധനവ് ഉണ്ടാകുന്നതിനു മുൻപായി അദ്ദേഹം രാജിവച്ചൊഴിയും എന്നാണ് ഭരണകക്ഷി അംഗങ്ങളുടെ കണക്കുകൂട്ടൽ. പ്രധാനമന്ത്രി എന്നനിലയിലുള്ള ജോലി വിഷമം പിടിച്ച ഒന്നാണെന്നും താൻ താച്ചറിനേയോ ബ്ലെയറിനേയോ പോലെ അധിക നാൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ബോറിസ് വ്യക്തമാക്കിയതായി ചില വൃത്തങ്ങളും സൂചനകൾ നൽകുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള ജീവിതമാണ് ബോറിസ് ജോൺസൺ കൊതിക്കുന്നതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

പലപ്പോഴും പ്രധാനമന്ത്രി എന്നനിലയിൽ പ്രസംഗങ്ങൾ നടത്തേണ്ടതായി വരുമ്പോഴും സെക്രട്ടറിമാർ എഴുതിക്കൊടുക്കുന്ന പ്രസംഗങ്ങളിൽ അദ്ദേഹം തിരുത്തൽ വരുത്താറുണ്ട്. എഴുത്തിൽ നിന്നുള്ളതായിരിക്കും തന്റെ ഭാവി വരുമാനം എന്നതും, വിഢിത്തങ്ങൾ എഴുന്നെള്ളിച്ച് അത് ഇല്ലാതെയാക്കാൻ കഴിയില്ലെന്നുമായിരുന്നു അതിന് കാരണമായി ബോറിസ് പറഞ്ഞിരുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. 2019- തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം, ഷേക്സ്പിയറെ കുറിച്ചുള്ള ഒരു പുസ്തകം എഴുതുവാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.