ലണ്ടൻ: ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ആവിർഭവത്തിലും പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലുമൊക്കെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് ബ്രിട്ടനിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും. ഇവിടെനിന്നാണ് ഇന്ത്യയിൽ പല ദേശീയ മുന്നേറ്റങ്ങൾക്കും തുടക്കം കുറിച്ചിട്ടുള്ളത്. ഇവിടത്തെ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ പല മുൻനിര നേതാക്കളും. അതുകൊണ്ടുതന്നെ ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ളത് ഒരു ശതാബ്ദത്തിലേറെയായുള്ള ബന്ധമാണുള്ളത്.

അതുകൊണ്ടുതന്നെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതായിരുന്നു ബ്രിട്ടീഷ് വിദ്യാഭ്യാസസ്ഥാപനങ്ങൾ. 2018-19 കാലഘട്ടത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019-20 ൽ രണ്ടാംസ്ഥാനത്തെത്തി. ഹൈയർ എഡ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം 13,435 ഇന്ത്യൻ വിദ്യാർത്ഥികളാണ് പുതിയതായി ലണ്ടനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്റോൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം ഇത് 7,185 ആയിരുന്നു. അതായത് 87 ശതമാനത്തിന്റെ വർദ്ധനവ്.

ലണ്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രിയമേറാൻ നിരവധി കാരണങ്ങൾ ഉണ്ടെന്ന് ഏഡ്യുകേഷൻ ആൻഡ് ടാലന്റ് അറ്റ് ലണ്ടൻ ആൻഡ് പാർട്നഴ്സ് ഡയറക്ടർ ലലാഗെ ക്ലേ പറയുന്നു. വർദ്ധിച്ച തൊഴിൽ സാധ്യതകൾക്കൊപ്പം, പഠനം കഴിഞ്ഞാലും രണ്ടു വർഷം വരെ ബ്രിട്ടനിൽ തുടരാം എന്നുള്ള നിയമവും ഇതിൽ പ്രധാനപ്പെട്ടവയാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അതുമാത്രമല്ല, ബ്രിട്ടനിലെ, പ്രത്യേകിച്ച് ലണ്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ലോകോത്തരമാണെന്നതും ഒരു കാരണമാണ് എന്ന് അവർ പറയുന്നു.

2019-20 കാലഘട്ടത്തിൽ 29,940 വിദ്യാർത്ഥികളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ 7,245 വിദ്യാർത്ഥികളുമായി ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് അമേരിക്കയായിരുന്നു. ബ്രിട്ടനിലാകമാനമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 55,465 ഇന്ത്യൻ വിദ്യാർത്ഥികൾ എന്റോൾ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും അധികം പേരുള്ളത് ഇംഗ്ലണ്ടിലാണ്. തൊട്ടു പുറകെ സ്‌കോട്ട്ലാൻഡും ഉണ്ട്.

വാക്സിൻ തർക്കം മാറ്റിവച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാൻ ബോറിസ് ജോൺസൺ

അസ്ട്രാസെനെകയുടെ വാക്സിൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് ബ്രിട്ടന്റെ തീരുമാനം. അടുത്തമാസം അവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ആളുകളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയുള്ള ചർച്ചയായിരിക്കും നടക്കുക എന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടികൾ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം. പ്രതിരോധം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം ആരോഗ്യം തുടങ്ങിയ മേഖലകളിൽ ചർച്ചകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദേശ രാജ്യത്തേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ പ്രധാന യാത്രയാണിത്. അതുകൊണ്ടുതന്നെ ബ്രിട്ടൻ ഇന്ത്യയുമായുള്ള ബന്ധത്തിനെ എത്രമാത്രം വിലമതിക്കുന്നു എന്ന് കാണാനാകുമെന്നും അദ്ദേഹം തുടർന്നു. ബോറിസ് ജോൺസന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പി ടി ഐയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.