ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ചലച്ചിത്രകാരി മീര നായർ ഒരുക്കിയ മിനി വെബ് സീരിസ് ആയ ' എ സ്യൂട്ടബിൾ ബോയ്' എന്ന മീനി സീരീസിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വവാദികൾ രംഗത്ത്. ചിത്രത്തിലെ ക്ഷേത്രനടയില ഒരു രംഗത്തിനെ ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ട്വിറ്ററിൽ ബോയ്‌ക്കോട്ട് ക്യാമ്പയിനുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തിക്കഴിഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ 'ബോയ്കോട്ട് നെറ്റ്ഫ്ളിക്സ്' ക്യാമ്പയിനുകളും ഇതോടെ തുടക്കമിട്ടുകഴിഞ്ഞു.

വിഷയത്തിൽ നെറ്റ്ഫ്ളിക്സിന് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.സീരീസിലെ രണ്ട് കഥാപാത്രങ്ങൾ ഒരു ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നെറ്റ്ഫ്ളിക്സിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയർത്തുന്നത്.

ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യാ വിരുദ്ധ സന്ദേശമാണ് നെറ്റ്ഫ്ളിക്സിന്റെ എ സ്യൂട്ടബിൾ ബോയ് എന്ന സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുമാണ് ഹിന്ദുത്വവാദികൾ ഉയർത്തുന്ന വിമർശനം.

എന്നാൽ ഇവർക്ക് മറുപടിയുമായി നിരവധി പേർ ട്വിറ്ററിൽ എത്തിയിട്ടുണ്ട്. അമ്പലത്തിനകത്ത് വെച്ച് ഏഴ് വയസുള്ള ബാലികയെ ബലാത്സംഗം ചെയ്തുകൊന്നപ്പോൾ പ്രശ്നമില്ലാത്തവരാണ് ഇപ്പോൾ ക്ഷേത്രത്തിനകത്ത് ചുംബന രംഗം ചിത്രീകരിച്ചപ്പോൾ വിമർശിക്കുന്നത് എന്ന് വിഷയത്തിൽ നിരവധി പേർ ട്വീറ്റ് ചെയ്തു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ' എ സ്യൂട്ടബിൾ ബോയ്' ആദ്യം ബിബിസിയുടെ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് സ്യൂട്ടബിൾ ബോയ് പ്രദർശനത്തിനെത്തിയത്. ഇതിന് ശേഷമാണ് നെറ്റ്ഫ്ളിക്സിലും സീരീസ് പ്രദർശനം തുടങ്ങിയത്.

ഒ.ടി പ്ലാറ്റ്ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒ.ടി.ടിപ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഹിന്ദുത്വവാദികൾ ട്വിറ്ററിൽ ബോയ്കോട്ട് നെറ്റ്ഫ്ളിക്സ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.