ന്യൂഡൽഹി: ഇന്ത്യൻ സേനയ്ക്ക് ഇനി ഇരട്ടി ശക്തി. ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ കരസേന വിജയകരമായി പരീക്ഷിച്ചു. ആൻഡമാൻ ദ്വീപിൽ നിന്നാണു വിക്ഷേപിച്ചത്. നിലവിൽ സേന ഉപയോഗിക്കുന്ന ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. പാക്കിസ്ഥാൻ വെല്ലുവിളികളെ നേരിടാൻ പോന്ന ആയുധം.

ശബ്ദത്തെക്കാൾ 2.8 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 290 കിലോമീറ്ററാണ്. കുതിച്ചുയർന്ന ശേഷം ദിശ മാറാനും കെൽപുള്ള മിസൈലുകളാണിവ. മലനിരകൾക്കപ്പുറം ശത്രുസേനാ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ സാധിക്കും. യുദ്ധക്കപ്പലിൽ നിന്നു നാവികസേനയും സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നു വ്യോമസേനയും മിസൈൽ പരീക്ഷിക്കും. ഇതോടെ മൂന്ന് സേനയ്ക്കും മിസൈൽ സ്വന്താകും.

വിമാനവാഹിനികൾ പോലുള്ള സുപ്രധാന യുദ്ധകപ്പലുകൾ തകർക്കാനും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകൾ. അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ ഒപ്പം കരയിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്ന ഒരു റാംജെറ്റ് സൂപ്പർസോണിക് മിസൈലാണ് ബ്രഹ്മോസ്. റഷ്യയിലെ എൻ.പി.ഒ.എമ്മിന്റേയും ഡിആർഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് മിസൈൽ വികസപ്പിച്ചെടുത്തത്.

2017 ജൂണിൽ ഇന്ത്യയ്ക്ക് മിസൈൽ ടെക്നോളജി കൺട്രോൾ റെയ്ഷിമിൽ (എംടിസിആർ) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വർധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടൽ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ടുള്ള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എംടിസിആർ. 500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റർ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകൾ പരസ്പരം കൈമാറുകയും ചെയ്യുന്നതിന് എംടിസിആർ അംഗരാജ്യങ്ങൾക്ക് അനുമതി നൽകുന്നു.

എംടിസിആറിൽ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറിൽ അംഗമായിരുന്നു. ഇക്കാരണത്താൽ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററിൽ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്. എംടിസിആറിൽ അംഗമായതോടെ ഇന്ത്യയ്ക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസിന്റെ വിൽപന നടത്താനാകും.

ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകൾ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകൾ തുടക്കം മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും.

ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങൾ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകർക്കും. ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങൾ പരിഷ്‌കരിച്ചിരുന്നു.