റിയോ: കോവിഡിന്റെ അതിവ്യാപനത്തിൽ താളം തെറ്റി ഉലയുകയാണ് ബ്രസീൽ. രാജ്യത്ത് രോഗവ്യാപവം മരണ നിരക്കും ഭീകരമായ രീതിയിൽ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലായിരത്തിൽ അധികം പേരുടെ ജീവനാണ് കോവിഡ് 19 കവർന്നെടുത്തത്. കോവിഡ് രോഗികളെ കൊണ്ടുള്ള അനിയന്ത്രിതമായ തിരക്കു കാരണം പല സ്ഥലങ്ങളിലും ആശുപത്രികളുടെ പ്രവർത്തനം താറുമാറായി. ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ തന്നെ ആളുകൾ മരിക്കുന്ന അവസ്ഥ പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിൽ പല സ്ഥലങ്ങളിലും ആരോഗ്യമേഖല തകർച്ചയുടെ വക്കിലാണ്.

ബ്രസീലിലെ മരണസംഖ്യ ഔദ്യോഗിക കണക്കുകൾ പ്രകാരം 337,000 ആണ്. മരണസംഖ്യ യുഎസിന് തൊട്ടുപിന്നിൽ എത്തിയത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ അപര്യാപ്തതയായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയും രാഷ്ട്രീയ നേതൃത്വവും ഇപ്പോഴും അനുകൂല മനോഭാവം അല്ല കാണിക്കുന്നത്.

സമ്പദ്വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ വൈറസിന്റെ പ്രത്യാഘാതങ്ങളേക്കാൾ മോശമാകുമെന്നാണ് ഭരണ നേതൃത്വത്തിന്റെ അഭിപ്രായം. ബ്രസീലിൽ രോഗവ്യാപനം കടുക്കുന്നതിൽ രാജ്യാന്തര സമൂഹവും ആശങ്കയിലാണ്. ബ്രസീലിൽ നിന്ന് ഉത്ഭവിക്കുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ മറ്റു രാജ്യങ്ങൾക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രസീലിലെ രോഗ വ്യാപനം നിയന്ത്രിക്കേണ്ടത് ലോക സമൂഹത്തിന്റെ തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. അല്ലാത്ത പക്ഷം ഭൂമിയിലെ മനുഷ്യ ജീവനുകളെ കോവിഡ് വൈറസ് കീഴ്പ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

ബ്രസീലിന്റെ ഇപ്പോഴത്തെ അവസ്ഥയെ 'ബയോളജിക്കൽ ഫുകുഷിമ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ആഴ്ചയിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ രാജ്യത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് മുതിർന്ന ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇന്നലെ 4,195 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ കണക്കു തുടരുകയാണെങ്കിൽ ജൂലായ് മാസത്തോടെ 600,000 പേർ മരണത്തിനു കീഴടങ്ങുമെന്നാണ് അവസാന കണക്കുകൾ വ്യക്തമാക്കുന്നത്.

ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ ദുരന്തത്തിലാണ് സാക്ഷ്യം വഹിക്കുവാൻ പോകുന്നതെന്ന് വടക്കുകിഴക്കൻ മേഖലയിലെ കോവിഡ് പ്രതികരണ സംഘത്തെ ഫെബ്രുവരി വരെ നയിച്ച മിഗുവൽ നിക്കോളലിസ് പറഞ്ഞു. അദ്ദേഹമാണ് കോവിഡ് വൈറസിന്റെ വ്യാപനം ഒരു 'ബയോളജിക്കൽ ഫുകുഷിമ' ആണെന്ന് പരാമർശിച്ചത്. കോവിഡ് ഒരു ന്യൂക്ലിയർ റിയാക്ടറാണ്. അത് ഒരു ചെയിൻ പോലെ പ്രവർത്തിച്ചു വരുന്നതിനാൽ തന്നെ നിയന്ത്രണാതീതവുമാണെന്ന് 2011 ൽ സുനാമി ഉണ്ടാക്കിയ ജാപ്പനീസ് ആണവ ദുരന്തത്തെ പരാമർശിച്ച് നിക്കോളലിസ് പറഞ്ഞു.