ബ്രസീലിയ: ടെക്‌നോളജി ഭീമൻ ആപ്പിളിന് 20 ലക്ഷം ഡോളർ പിഴ (ഏകദേശം 14.5 കോടി രൂപ) ചുമത്തി ബ്രസീലിലെ ഉപഭോക്തൃസംരക്ഷണ സമിതി. ഐഫോൺ 12 സീരീസിനൊപ്പം ചാർജർ നൽകാത്തതിനെ തുടർന്നാണ് ബ്രസീലിയൻ ഉപഭോക്തൃസംരക്ഷണ സമിതിയായ പ്രോകോൺ-എസ്‌പി ആപ്പിളിന് പിഴയിട്ടത്. കഴിഞ്ഞ പാദത്തിൽ മാത്രം ഏകദേശം 114.4 ബില്ല്യൻ ഡോളർ വിറ്റുവരവു നേടിയ കമ്പനിക്ക് ബ്രസീലിൽ ചുമത്തിയ പിഴ വളരെ നിസാരമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ഐഫോൺ 12 സീരീസ് ചാർജറുകളില്ലാതെ പുറത്തിറക്കിയത്. ഇതിന് പിന്നാലെ പല കമ്പനികളും ആപ്പിളിന്റെ പാത പിന്തുടർന്ന് ചാർജറുകൾ ഇല്ലാതെ ഫോൺ വിൽപനയും തുടങ്ങി. പരിസ്ഥിതി പ്രശ്‌നങ്ങൾ കുറയ്ക്കാനാണ് ചാർജറില്ലാതെ വിൽക്കാനുള്ള പ്രധാന കാരണം എന്നായിരുന്നു ആപ്പിൾ നൽകിയ വിശദീകരിണം. എന്നാല്, ഈ നീക്കം പരിസ്ഥിതിക്ക് കാര്യമായ ഒരു ഗുണവും ചെയ്യില്ലെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

'തെറ്റിധരിപ്പിക്കുന്ന പരസ്യത്തിനും, ചാർജർ ഇല്ലാതെ ഫോൺ വിൽക്കുന്നതിനും, ന്യായരഹിതമായ രീതികൾക്കു'മെതിരെയാണ് പിഴ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷവും പ്രോകോൺ-എസ്‌പി ഇക്കാര്യത്തിൽ ആപ്പിൾ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തിരുന്നു. ഐഫോണുകൾ ചാർജറില്ലാതെ വിൽക്കാനുള്ള നീക്കം വഴി എന്ത് പരിസ്ഥിതി സംരക്ഷണമാണ് ആപ്പിൾ നടത്തുന്നതെന്ന് തങ്ങൾക്ക് മനസ്സിലാക്കിത്തരാൻ ആപ്പിളിനു സാധിച്ചിട്ടില്ലെന്നും പ്രോകോൺ-എസ്‌പി പറയുന്നു.

ചാർജർ ഇല്ലാതെ വിൽക്കാൻ തീരുമാനിച്ചെങ്കിൽ നിങ്ങൾ ഐഫോൺ 12 സീരീസിന്റെ വില അതിനനുസരിച്ചു കുറച്ചോ എന്ന ചോദ്യത്തിനും ആപ്പിൾ മറുപടി നൽകിയില്ല. ചാർജർ കൂടെ നൽകിയാൽ എന്തു വിലവരുമായിരുന്നു എന്ന ചോദ്യത്തിനും ആപ്പിൾ ഉത്തരം നൽകിയിട്ടില്ലെന്നും ബ്രസീലിയൻ അധികാരികൾ പറയുന്നു. ഇതു കൂടാതെ, ആപ്പിളിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ചില ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇക്കാര്യത്തിലും ആപ്പിൾ സഹായകമായ നിലപാട് കൈക്കൊണ്ടില്ലെന്നും പ്രോകോൺ-എസ്‌പി ആരോപിച്ചു.

രാജ്യത്തെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും ഇവിടെ ഇത്തരം നിയമങ്ങൾ നിലവിലുണ്ടെന്നും ആപ്പിളിന് സ്വയം ബോധ്യപ്പെടണമെന്നും അവർ പറയുന്നു. ബ്രസീലിൽ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെങ്കിൽ ഇവിടെയുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ആപ്പിളിനോട് പ്രോകോൺ-എസ്‌പി ആവശ്യപ്പെട്ടിരിക്കുന്നത്.