ലണ്ടൻ: സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തുന്നതെങ്കിൽ കൂടി, കൂടുതൽ ശബ്ദമുണ്ടാക്കി എന്നതുൾപ്പടെയുള്ള കുറ്റം ചുമത്തി പൊലീസിന് പ്രതിഷേധം തടയുവാനും, പ്രതിഷേധക്കാർക്കെതിരെ നടപടികൾ എടുക്കുവാനും അധികാരം നൽകുന്ന പുതിയ ബില്ലിനെതിരെ പ്രതിഷേധം കനക്കുകയാണ്. ബ്രിസ്റ്റോളിൽ ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ജനക്കൂട്ടം പൊലീസിനെതിരെ തിരിഞ്ഞു. ആറ് പൊലീസുകാർക്ക് പരിക്കേറ്റപ്പോൾ പൊലീസ് സ്റ്റേഷനുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. 'കിൽ ദി ബിൽ' പ്രക്ഷോഭം ബ്രിട്ടനെ വീണ്ടും ഒരു കലാപകാലത്തിലേക്ക് നയിക്കുകയാണ്.

നിലവിൽ ലോക്ക്ഡൗൺ നിയമം കൊണ്ടുതന്നെ ഏത് തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ബ്രിട്ടനിൽ നിരോധിച്ചിരിക്കുകയാണ്. എന്നാൽ, പ്രതിഷേധങ്ങൾ സ്ഥിരമായി നിരോധിക്കുവാനാണ് സർക്കാർ പുതിയ നിയമവുമായി വരുന്നതെന്നാണ് ആരോപണമുയരുന്നത്. പൊലീസുകാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഈ ബിൽ, ജനാധിപത്യത്തിന്റെ ജീവവായു ആയ പ്രതിഷേധിക്കുവാനുള്ള അവസരത്തെ ഇല്ലാതെയാക്കുമെന്നാണ് വിമർശകർ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധവും ലേബർ പാർട്ടിയുടെ എതിർപ്പും മറികടന്ന് ജനപ്രതിനിധി സഭയിൽ ഈ ബിൽ സെക്കന്റ് റീഡിങ് പൂർത്തിയാക്കിയിരുന്നു.


നിലവിൽ കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബിൽ പരിശോധനക്ക് ശേഷം കമ്മിറ്റിയുടെ റിപ്പോർട്ടോടെ ജനപ്രതിനിധി സഭയിൽ തേർഡ് റീഡിംഗിനായി സമർപ്പിക്കും. പ്രഭു സഭയിലും ഇതേ നടപടികൾ തുടരും. ഇരുസഭകളിലും മൂന്ന് റീഡിംഗുകളും പൂർത്തിയാക്കിയാൽ പിന്നെ ഈ ബിൽ ഒരു നിയമമായി മാറും. ജനപ്രതിനിധി സഭയിൽ ലേബർ പാർട്ടി ഇതിനെ എതിർത്ത് വോട്ടുചെയ്തിട്ടും കഴിഞ്ഞയാഴ്‌ച്ച സെക്കന്റ് റീഡിങ് പൂർത്തിയാക്കാനായി.

സമാധാനപരമായ പ്രതിഷേധത്തിന് അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രിസ്റ്റോൾ സിറ്റി സെന്ററിൽ തടിച്ചുകൂടിയ ജനക്കൂട്ടമാണ് പിന്നീട് അക്രമാസക്തമായത്. വടികളും മുളകുപൊടി സ്പ്രേകളുമൊക്കെയായിട്ടായിരുന്നു ഇവർ പൊലീസുമായി ഏറ്റുമുട്ടിയത്. ബ്രൈഡ്വെൽ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നതിനിടയിലായിരുന്നു സ്റ്റേഷനു മുന്നിലെ ജനലിന്റെ ചില്ലുകൾ തകർത്ത ജനക്കൂട്ടം തൊട്ടടുത്ത ബ്രൈഡ്വെൽ സ്ട്രീറ്റിൽ പാർക്ക് ചെയ്തിരുന്ന ഒരു പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.

മറ്റൊരുഭാഗത്ത് സ്റ്റേഷന്റെ മതിലിൽ ചാടിക്കയറിയ ചിലർ സ്റ്റേഷനകത്തേക്ക് പടക്കങ്ങൾ കത്തിച്ചെറിഞ്ഞു. സ്റ്റേഷനുമുന്നിൽ ഉണ്ടായിരുന്ന ഒരു പൊലീസ് വാൻ പൂർണ്ണമായും തല്ലിത്തകർക്കുകയും ചെയ്തിട്ടുണ്ട്. ബ്രിസ്റ്റോളിൽ ഇന്ന് കണ്ടത് ഒരു കൂട്ടം മൃഗങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു എന്നാണ് ഏവൺ ആൻഡ് സോമർസെറ്റ് പൊലീസ് ഫെഡറേഷൻ ചെയർമാൻ ആൻഡി റിയോബക്ക് അഭിപ്രായപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരേയും ചില സാധാരണക്കാരേയും ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇവർ പൊതുസ്വത്തിനും കനത്ത നാശം വരുത്തിയതായി അദ്ദേഹം പറഞ്ഞു.

സമാധാനപരമായി ആരംഭിച്ച പ്രതിഷേധത്തിലെ ഒരു ചെറിയ ന്യുനപക്ഷമാണ് അക്രമങ്ങൾക്ക് വഴിമരുന്നിട്ടത് എന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാർക്ക് നേരെ കടുത്ത ആക്രമണമായിരുന്നു നടന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞപ്പോൾ മറ്റൊരാളുടെ വാരിയെല്ലുകൾക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചു. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് നീക്കി. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലും മരക്കഷ്ണങ്ങളും വലിച്ചെറിഞ്ഞ ജനക്കൂട്ടത്തിൽ നിന്നും ചിലർ കത്തിച്ച പടക്കങ്ങളും പൊലീസുകാർക്ക് നേറെ വലിച്ചെറിഞ്ഞു.

ഇപ്പോൾ പരിഗണനയിലിരിക്കുന്ന ബിൽ പ്രകാരം സമാധാനപരമായി നടത്തുന്ന പ്രക്ഷോഭമാണെങ്കിൽ പോലും, ശംബ്ദശല്യം പോലുള്ള കാരണങ്ങൾ ഉന്നയിച്ച് പൊലീസിന് തടയാനാകും. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പിഴയോ ജയിൽ ശിക്ഷയോ നേരിടേണ്ടിയും വരും. പൊലീസ് ഭരണകൂടം വേണ്ടെന്നും പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബ്രിസ്റ്റോളിൽ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ, കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾ പ്രകാരം ജനക്കൂട്ടം നിരോധിച്ചിരിക്കുകയാണെന്നും, പ്രതിഷേധം നിർത്തി എല്ലാവരും മടങ്ങണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

നേരത്തേ സാറാ എവറാർഡ് എന്ന യുവതി ക്രൂരമായൈ ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ടപ്പോൾ പ്രതിഷേധിക്കാൻ ഒത്തുകൂടിയ സ്ത്രീകൾക്കെതിരെ പൊലീസ് അക്രമം കാട്ടിയത് പരക്കെ വിമർശനമുയർത്തിയിരുന്നു. ഈ സംഭവം നടക്കുന്നതിനു വളരെ മുൻപ് തന്നെ പുതിയ ബിൽ തയ്യാറാക്കിയിരുന്നു എങ്കിലും, ഇതിനു തൊട്ടുപുറാകെയാണ് ബിൽ ജനസഭയിൽ എത്തുന്നത്. ഇതാണ് ബില്ലിനെതിരെ രോഷം കനക്കുവാൻ കാരണമായത്.