താമരശ്ശേരി: ഭാര്യാവീട് സന്ദർശനത്തിനിടെ ഒരു കൗതുകത്തിന് സമീപത്തെ കാട്ടിലേക്ക് കയറിയ സഹോദരങ്ങൾക്ക് കിട്ടിയത് എട്ടിന്റെ പണി.ഒടുവിൽ പൊലീസ് കേസും. കട്ടിപ്പാറ പഞ്ചായത്തിലെ അമരാട് മലയിൽ വഴിതെറ്റി കൊടുംകാട്ടിൽ 20 മണിക്കൂറോളം കുടുങ്ങിയ സഹോദരന്മാരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. വനംവകുപ്പും അഗ്‌നിരക്ഷാസേനയും ചേർന്നു നാട്ടുകാരുടെ സഹായത്തോടെ 11 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെ ഇരുവരെയും പുറത്തെത്തിച്ചത്.

കാസർകോട് ബന്തിയോട് മംഗൽപാടി ബൈത്തുറഹ്‌മയിൽ കെ. മുഹമ്മദ്, സഹോദരൻ കെ.അബ്ദുല്ല എന്നിവരാണു വന്യമൃഗങ്ങൾ നിറഞ്ഞ ഉൾക്കാട്ടിൽ ഒരു പകലും രാത്രിയും കുടുങ്ങിയത്.കോഴിക്കോട് ഓൺലൈൻ കാറ്ററിങ്ങുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സഹോദരന്മാർ കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ മുഹമ്മദിന്റെ ഭാര്യവീട് സന്ദർശനത്തിനിടയിൽ കാടു കാണാൻ കയറിയതാണെന്നാണു വനംവകുപ്പിനു നൽകിയ മൊഴി.

ശനിയാഴ്ച ഉച്ചയോടെ വഴി തെറ്റി 14 കിലോമീറ്ററോളം ഉൾവനത്തിൽ എത്തിപ്പെട്ടതോടെ തിരിച്ചിറങ്ങാൻ വഴിയറിയാതായി. വൈകിട്ട് 6 മണിയോടെ കൂട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. രാത്രി എട്ടു മണിയോടെ വനംവകുപ്പ്അഗ്‌നിരക്ഷാസേന ദൗത്യസംഘം വനത്തിനുള്ളിൽ കയറിയെങ്കിലും കനത്ത മഴയും കാറ്റും മൂലം മുന്നോട്ടു നീങ്ങാനായില്ല. വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന കാട്ടിൽ രക്ഷാസംഘത്തിനും ഒരു രാത്രി മുഴുവൻ കഴിയേണ്ടി വന്നു.

മൊബൈൽ ഫോണിനു റേഞ്ച് നഷ്ടപ്പെടാതിരുന്നതു തുണയായി. നിരന്തരം ഫോണിൽ ബന്ധപ്പെട്ട് റൂട്ട് മാപ്പ് തയാറാക്കിയാണു കൊടുംവനത്തിൽ ദൗത്യസംഘം ഇവരുടെ അടുത്തെത്തിയത്. ശനിയാഴ്ച രാവിലെ കാട്ടിൽ കയറിയ സഹോദരങ്ങളെ ഇന്നലെ രാവിലെ 7 മണിയോടെ കൂമ്പൻ മലയിലെ പാറയിടുക്കിൽ യുവാക്കളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് രാവിലെ ഒൻപതരയോടെ പുറത്തെത്തിച്ചു.