ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ബിഎസ്എഫ് ഇൻസ്‌പെക്ടർ അടക്കമുള്ള മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്.

രണ്ട് ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇൻസ്പെക്ടറുമാണ് വീരമൃത്യു വരിച്ച സൈനികർ. ആക്രമണം ഉണ്ടായപ്പോൾ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ രണ്ട് എസ്എസ്ജി കമാൻഡോകൾ ഉൾപ്പടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

പാക്കിസ്ഥാന്റെ ആർമി ബങ്കറുകൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യം സൈന്യം പുറത്തുവിട്ടു. പന്ത്രണ്ടോളം പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്‌ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്‌പ്പിൽ തലയ്ക്ക് ഗുരതരമായി പരിക്കേൽക്കുകയായിരുന്നു.

സുബോധ് ഘോഷ്, ഹർധൻ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഇർഷാദ് അഹമ്മദ്, തൗബ് മിർ, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാർ. നിരവധി നാട്ടുകാർക്കും ഒരു ബിഎസ്എഫ് ജവാനും പാക് ആക്രമണത്തിൽ പരിക്കേറ്റിട്ടുമുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെയ്‌പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നും ബിഎസ്എഫ് ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.