ന്യൂഡൽഹി: കേന്ദ്ര ബജറ്റായാലും സംസ്ഥാന ബജറ്റായാലും എല്ലായെപ്പോഴും പതിവുതെറ്റിക്കാത്ത ഒരു കാര്യമുണ്ട്. സിഗരറ്റിന് വില കൂട്ടുക എന്നതാണ് ഇക്കാര്യം. പതിവുപോലെ ഇത്തവണയും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല. സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും എക്‌സൈസ് തീരുവ കൂട്ടിയതോടെ അവയ്ക്ക് വില ഉയരും.

65 മില്ലീമീറ്റർ വരെ നീളമുള്ള സിഗററ്റിന്റെ എക്‌സൈസ് തീരുവ 25 ശതമാനവും മറ്റുള്ളവയ്ക്ക് 15 ശതമാനവുമാണ് തീരുവ ഉയർത്തിയത്. മറ്റ് പുകയില ഉൽപന്നങ്ങളായ സിഗർ, ചുരുട്ട് എന്നിവയ്ക്കും സമാനമായ തീരുവ വർദ്ധനയുണ്ടാവുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പുകയിലയുടെ എക്‌സൈസ് തീരുവ കിലോഗ്രാമിന് 70 രൂപയായി ഉയർത്തി. നേരത്തെ ഇത് 60 രൂപയായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ സിഗററ്റുമായി ബന്ധപ്പെട്ട ഓഹരികളുടെ വില ഇടിഞ്ഞു. ഐ.ടി.സി ഓഹരി 33.85 രൂപ കുറഞ്ഞ് 359.85 രൂപയായി.

ഹോട്ടൽ ഭക്ഷണം, ട്യൂഷൻ, ഫോൺ കോൾ നിരക്കുകളും വർധിക്കും. എന്നാൽ തുകൽ ചെരുപ്പുകൾ, എൽഇഡി ടിവി, മൈക്രോവേവ് ഓവൻ തുടങ്ങിയ സാധനങ്ങൾക്ക് ബജറ്റിൽ വില കുറയും. 2016 മുതൽ ചരക്കുസേവന നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമുണ്ട്. സേവന നികുതി 14 ശതമാനമാക്കിയിട്ടുണ്ട്. നിലവിൽ 12. 5 ശതമാനമായിരുന്നു സേവനികുതി. സാങ്കേതിക സേവന നികുതി 25 ശതമാനത്തിൽനിന്ന് 15 ആയി കുറച്ചു. എക്‌സൈസ് നികുതി ബജറ്റിൽ 12.5 ശതമാനമാക്കി.

വില കൂടുന്നവ

പുകയില ഉത്പന്നങ്ങൾ,സിഗരറ്റ്, പാന്മാൻസാല, ഹോട്ടൽ ഭക്ഷണം, ട്യൂഷൻ, ഫോൺ കോൾ

വില കുറയുന്നവ

ബാറ്ററി, മൈക്രോവേവ് ഓവൻ, സോളാർ വാട്ടർ ഹീറ്റർ, ഇലക്ട്രിക്കൽ ഫൈബർ കേബിൾ, ചെരുപ്പുകൾ, എൽഇഡി ടിവി, സ്റ്റിൽ വീഡിയോ ക്യാമറ