തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ഇറക്കുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി ഒഴിവാക്കണമെന്ന് കോൺഗ്രസും ബിജെപിയും. സിൽവർ ലൈൻ പദ്ധതി കേന്ദ്രബജറ്റിൽ ഇടംപിടിക്കാതെ പോയതോടെയാണ് വിമർശനവുമായി പ്രതിപക്ഷ നേതാവ് അടക്കം രംഗത്ത് വന്നത്.

ബഡ്ജറ്റിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ സംബന്ധിച്ച പ്രഖ്യാപനമില്ല. ഇതുവരെ പരിസ്ഥിതി മന്ത്രാലയത്തിന്റേതുൾപ്പെടെയുള്ള അനുമതികൾ പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഏറെ വിവാദമുണ്ടാക്കിയെങ്കിലും കേന്ദ്ര ബഡ്ജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ഇടത് സർക്കാരിന്റെ പ്രതീക്ഷ.

കേരളത്തിന്റെ പ്രതീക്ഷയെ തകർത്തുകൊണ്ട് റെയിൽവേ വികസനത്തിന്റെ തുടർച്ചയായി പോലും ഇത് പരിഗണിക്കുന്നില്ല എന്നാണ് ബഡ്ജറ്റ് നൽകുന്ന സൂചന. ഇതോടെ പദ്ധതിയുടെ മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്. ധനവകുപ്പ് പണം നൽകിയാൽ തങ്ങളുടെ വിഹിതം നൽകാമെന്ന് ഇന്ത്യൻ റെയിൽവേ സർക്കാരിനും കെ റെയിലിനും ഉറപ്പ് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു.

സംസ്ഥാനത്തെ ഗതാഗത പദ്ധതികൾക്കായി പ്രത്യേക തുകയോ ,റെയിൽ വികസനത്തിനായി അധിക തുകയോ നീക്കിവയ്ക്കാത്തതിനാൽ അതും സിൽവർ ലൈനിനായി പ്രയോജനപ്പെടുത്താൻ കഴിയില്ല.സംസ്ഥാനത്ത് പ്രതിപക്ഷം ഒറ്റക്കെട്ടായി കെ റെയിൽ പദ്ധതിയെ എതിർക്കുന്നതിനാൽ കേന്ദ്ര തീരുമാനം വരും ദിവസങ്ങളിൽ സർക്കാരിന് വെല്ലുവിളിയാകാൻ സാദ്ധ്യതയുണ്ട്.

വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലേക്കും കൂടുതൽ സർവീസുകൾ കൊണ്ടു വന്ന് സംസ്ഥാനത്തെ തകർക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിന്മാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

160 മുതൽ 180 കിലോ മീറ്റർ വരെ സ്പീഡ് ഈ ട്രെയിനുകൾക്കുണ്ട്. ഇതിന്റെ മുതൽമുടക്കും ഇന്ത്യൻ റെയിൽവെയാണ് വഹിക്കുന്നത്. അതിനാൽ വൻ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന സിൽവർ ലൈനിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷത്തിനുള്ളിൽ 100 പി എം ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും മെട്രോ നിർമ്മാണത്തിനായി നൂതനമാർഗങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇത് 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. 2000 കിലോമീറ്റർ റെയിൽ ശൃംഖല വർധിപ്പിക്കുമെന്നും 25000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കുമെന്നുമാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്

കേന്ദ്ര ബജറ്റിൽ 400 വന്ദേ ഭാരത് തീവണ്ടികൾ പ്രഖ്യാപിച്ചതിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ ഒരിക്കലും നടക്കാത്ത സിൽവർ ലൈനിന് പിറകെ പോകുമ്പോൾ പ്രായോഗികമായി ജനങ്ങൾക്ക് ഗുണം ചെയ്യുന്ന 400 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചത്. ദുരഭിമാനം വെടിഞ്ഞ് കെ.റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം. പദ്ധതിക്കെതിരേ ബിജെപി സമരം ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പിഎം ഗതി ശക്തി പ്രൊജക്ടിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേക്ക് മികച്ച മുന്നേറ്റം സാധ്യമാകുമെന്ന് പ്രതീക്ഷ. 400 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൂടുതൽ ഊർജ്ജ ക്ഷമയതയും യാത്രാ സൗകര്യങ്ങളുമുള്ള ട്രെയിനുകളാണ് വന്ദേ ഭാരത് ട്രെയിനുകൾ. ഇതിന് പുറമെ 100 ഗതി ശക്തി കാർഗോ ടെർമിനലുകളും സ്ഥാപിക്കും. മൾട്ടിമോഡൽ ലോജിസ്റ്റിക്സ് സൗകര്യങ്ങൾക്ക് വേണ്ടിയാണിത്.

ഇതിലൂടെ റെയിൽവേക്ക് ചരക്ക് ഗതാഗത സേവന രംഗത്ത് മികച്ച സൗകര്യങ്ങളൊരുക്കാൻ സാധിക്കും. ഇത് ചെറുകിട-ഇടത്തരം കർഷകർക്ക് അടക്കം സഹായകരമാകും. ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിൽ നിലവിൽ നേരിടുന്ന പ്രതിസന്ധി പുതിയ സംവിധാനത്തിലൂടെ മറികടക്കനാകുമെന്നാണ് പ്രതീക്ഷ.

ഇതിന് പുറമെ പ്രാദേശിക തലത്തിൽ ഉൽപ്പാദനം പരിപോഷിപ്പിക്കുന്നതിനുള്ള വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതും റെയിൽവേയുടെ ചരക്ക് ഗതാഗത സേവനത്തിന് ഗുണമാകും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2000 കിലോമീറ്റർ നീളത്തിൽ റെയിൽപാത വികസിപ്പിക്കാനും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിരുന്നു.

റോഡ്, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, മാസ് ട്രാൻസ്പോർട്, ജലപാത, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾക്കൊള്ളിച്ചതാണ് പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി.